സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടുന്നതില്‍ സര്‍ക്കാരിന് ആശയകുഴപ്പം. ശമ്പളം കൂട്ടുന്നതില്‍ നിലപാട് അറിയിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ജനങ്ങളുടെ വേതനം കൂട്ടിയിട്ട് തങ്ങളുടെ ശമ്പളം കൂട്ടിയാല്‍ മതിയെന്ന് മന്ത്രിമാര്‍ പറയണമെന്ന് ആശവര്‍ക്കര്‍മാര്‍ പരിഹസിച്ചു.
2018ലാണ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ അവസാനമായി വര്‍ധിപ്പിച്ചത്. നിലവില്‍ മന്ത്രിമാരുടെ ശമ്പളം 97, 429 രൂപയും എംഎല്‍എമാരുടേത് 70,000 രൂപയുമാണ്. ഇത് അപര്യാപ്തമാണെന്ന് എംഎല്‍എ മാര്‍ പലരും പരാതിപ്പെട്ടിരുന്നു. ഇതേപ്പറ്റി പഠിച്ച ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ 35 ശതമാനം ശമ്പളവര്‍ധനക്ക് ശുപാര്‍ശയും െചയ്തു. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ശുപാര്‍ശയുടെ ഫയല്‍ എത്തിയെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാട് അറിയട്ടെയെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്.
അതേസമയം രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ വേതന വര്‍ധനവിനായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉന്നയിച്ചത്. തുടര്‍ഭരണം ലക്ഷ്യമിട്ട് നീങ്ങുമ്പോള്‍ ശമ്പളവര്‍ധന ജനവികാരം എതിരാക്കുമോ എന്ന ഭയവും സര്‍ക്കാരിനുണ്ട്. നേരത്തെ പിഎസ്സി അംഗങ്ങളുടെ ശമ്പളവര്‍ധന വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.