കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിന് ക്രൂരമായ മർദ്ദനമേറ്റ സംഭവത്തിൽ കേസ് ഏറ്റെടുക്കുമെന്ന് കോൺഗ്രസ്. കേസ് പാർട്ടി നടത്തുമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് വൈകുന്നേരം മാർച്ച് നടത്താനും കോൺഗ്രസ് തീരുമാനിച്ചു.
അതിക്രമം സി.സി.ടി.വി.യിൽ
രണ്ടുവർഷം മുമ്പ് നടന്ന സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നത് തടഞ്ഞതിനാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റായ സുജിത്തിനെ പൊലീസ് മർദ്ദിച്ചത്. പൊലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഭീകരതയാണ് കാണിക്കുന്നതെന്നും, ഇത് മൃഗങ്ങൾ പോലും കാണിക്കാത്ത ക്രൂരതയാണെന്നും ഡി.സി.സി. പ്രസിഡൻ്റ് ജോസഫ് ടാജറ്റ് ആരോപിച്ചു. ആഭ്യന്തര വകുപ്പാണ് പൊലീസിന് ഇതിനുള്ള ധൈര്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസിൻ്റെ വിശദീകരണം
ആക്ഷേപം ഉയർന്നപ്പോൾ തന്നെ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ നൽകിയിരുന്നതായി റേഞ്ച് ഡി.ഐ.ജി. എസ്. ഹരിശങ്കർ വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലാണെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊലീസ് ആരെയും മർദ്ദിക്കാൻ പാടില്ല എന്നതാണ് തങ്ങളുടെ പോളിസിയെന്നും ഡി.ഐ.ജി. പറഞ്ഞു.