ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശി വിജിഷ മരിച്ചു. പൊങ്കാലയ്ക്കിടെ വിജിഷയുടെ പിന്നിലെ അടുപ്പില്‍ നിന്ന് സാരിയിലേക്ക് തീപടരുകയായിരുന്നു. സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കുടുംബം ആരോപിച്ചു.  

തിരുവനന്തപുരത്ത് തമ്പാനൂര്‍ ചൈത്രം ഹോട്ടലിന് മുന്‍വശത്താണ് വിജിഷ പൊങ്കാല അര്‍പ്പിച്ചത്. പൊങ്കാലക്കിടെ വിജിഷയുടെ പിന്നിലുണ്ടായിരുന്ന അടുപ്പില്‍ നിന്നും സാരിയിലേക്ക് തീ പിടിക്കുകയായിരുന്നു. ഹോട്ടലിലേക്ക് ഓടിക്കയറി വെള്ളം ഒഴിച്ച് ആദ്യം തീ അണയ്ക്കാന്‍ ശ്രമിച്ചു. 27 ശതമാനം പൊള്ളലേറ്റ വിജിഷയെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. പൊങ്കാല അടുപ്പുകള്‍ തമ്മില്‍ അകലം ഉണ്ടായിരുന്നില്ലെന്നും പൊലീസ് സുരക്ഷ ഒരുക്കിയില്ലെന്നും വിജിഷയുടെ ഭര്‍ത്താവ് ദിനേശ് കുമാര്‍ ആരോപിച്ചു. 

​സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ദുഖകരമായ സംഭവമാണെന്നും, അടുപ്പുകള്‍ തമ്മിലുള്ള സുരക്ഷിത അകലം ഉറപ്പാക്കുമെന്നും മേയര്‍ വിവി രാജേഷും പറഞ്ഞു. ഈസ്റ്റ്ഹില്ലിലെ ക്ഷേത്രത്തില്‍ നിന്നുള്ള സംഘത്തിനൊപ്പമാണ് വിജിഷ പൊങ്കാലയിടാന്‍ പോയത്.

ENGLISH SUMMARY:

Attukal Pongala tragedy highlights safety concerns as a woman who sustained severe burns during the festival has passed away. The incident has led to accusations of inadequate safety arrangements by the police, prompting investigations and promises of improved safety measures for future events.