നാടകീയതകൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ സ്ഥാനത്ത് സി.പി.എം വിമത കലാ രാജു എത്തി. സി.പി.എം വിപ്പ് ലംഘിച്ച് കലാ രാജു യു.ഡി.എഫിനെ പിന്തുണച്ചു. കലാ രാജുവിനെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് എൽ.ഡി.എഫ് പ്രതിഷേധിച്ചു.
സി.പി.എം വിപ്പ് ലംഘിച്ച് യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന കലാ രാജുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സി.ഡി.എസ് ചെയർപേഴ്സൺ ആയിരുന്ന കാലത്ത് കലാ രാജു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കുടുംബശ്രീ പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.
പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ 12 നെതിരെ 13 അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫിലെ വിജയാ ശിവനെ പിന്തള്ളി കലാ രാജു നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. വിജയം സി.പി.എം ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടിയാണെന്ന് കലാ രാജു പറഞ്ഞു.
കലാ രാജുവിനെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് എൽ.ഡി.എഫ് അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.വലിയ അട്ടിമറിയിലൂടെ നഗരസഭ ഭരണം പിടിച്ചെങ്കിലും പദ്ധതി നിർവഹണം ഉൾപ്പെടെയുള്ള കടമ്പകൾ യു.ഡി.എഫിന് പ്രതിസന്ധിയാകും.