abin-and-abhijith

യൂത്ത് കോൺഗ്രസ് അധ്യക്ഷ പദത്തിനായി ഹൈക്കമാന്‍ഡിന് മുന്നിലേക്ക് പരാതികളുടെയും കത്തുകളുടെയും പ്രവാഹം. അബിൻ വർക്കിക്കായി 30 യൂത്ത് കോൺഗ്രസ് ഭാരവാഹികളും 3 ജില്ലാ അധ്യക്ഷന്മാരും രാഹുൽ ഗാന്ധിക്ക് കത്തയച്ചു. കെ.എം അഭിജിത്തിനെ അധ്യക്ഷനാക്കണമെന്ന്

4 എം പി മാർ ആവശ്യപ്പെട്ടു. സംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരെ അധ്യക്ഷനാക്കരുതെന്ന ആവശ്യവും ഹൈക്കമാന്‍ഡിന് മുന്നിലെത്തിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജിക്ക് തൊട്ടുമുൻപ് ആരംഭിച്ച യൂത്ത് കോൺഗ്രസ് അധ്യക്ഷപദ ചർച്ച ഗ്രൂപ്പ് പിടിവലിയുടെ പാരമ്യത്തിൽ എത്തിയിരിക്കുകയാണ്. അബിൻ വർക്കിക്കായി ഉറച്ച് നിൽക്കുന്ന ഐ ഗ്രൂപ്പും രമേശ് ചെന്നിത്തലയും ഒരു വിട്ടുവീഴ്ചക്കും തയാറല്ല. സമുദായിക സമവാക്യത്തിന്‍റെ പേരിൽ തിരഞ്ഞെടുപ്പ് നടപടി അട്ടിമറിക്കരുതെന്നും ചെരുപ്പിനൊത്ത് പാദം മുറിക്കല്ലെന്നും ആവശ്യപ്പെട്ടാണ് 30 യൂത്ത് കോൺഗ്രസ് ഭാരവാഹികളും 3 ജില്ലാ അധ്യക്ഷന്മാരും രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. 

കർണാടകയിൽ സമാനാവസ്ഥ ഉണ്ടായപ്പോൾ ഉപാധ്യക്ഷന് ചുമതല നൽകിയതും ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. അധ്യക്ഷപദം നൽകിയില്ലെങ്കിൽ അബിൻ രാജിക്ക് തയാറാണെന്ന സൂചനയും നൽകുന്നു. സാമുദായിക സമവാക്യം പാലിക്കണം എന്നും കെ.എം.അഭിജിത്തിനെ അധ്യക്ഷനാക്കണമെന്നും  ആവശ്യപ്പെട്ട് 4 എം പി മാർ രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.  കെ.പി.സി.സി, യൂത്ത് കോൺഗ്രസ്, കെ.എസ്.യു അധ്യക്ഷൻമാർ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരാവുമെന്നും കെ.എസ്.യു , യൂത്ത് കോൺഗ്രസ് അധ്യക്ഷൻമാർ എറണാകുളം ജില്ലക്കാരാകുമെന്നുമാണ് അബിനെതിരായ വാദം. ബിനു ചുള്ളിയിലിനായി കെ.സി. പക്ഷവും സമ്മർദ്ദം തുടരുകയാണ്.

ENGLISH SUMMARY:

Youth Congress leadership battle intensifies in Kerala. The selection of the Kerala Youth Congress president is causing internal strife and competing demands within the party.