തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലിലെ ആറു ബി.ജെ.പി കൗണ്‍സിലര്‍മാര്‍ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോര്‍പറേഷന്‍റെ ഗസ്റ്റ് ഹൗസായ ബിനി ഹോട്ടല്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്കു നല്‍കിയതിന് എതിരെയായിരുന്നു ഹര്‍ജി. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതാണ് പിഴയ്ക്കു കാരണം.
തൃശൂര്‍ കോര്‍പറേഷന്‍റെ ഗസ്റ്റ് ഹൗസാണ് ബിനി ടൂറിസ്റ്റ് ഹോം. പ്രമുഖ അപ്കാരിയായിരുന്ന വി.കെ.അശോകനായിരുന്നു ഈ ഗസ്റ്റ് ഹൗസ് ഏറ്റെടുത്ത് നടത്തിയിരുന്നത്. പുതിയ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ സ്വകാര്യ വ്യക്തികള്‍ ഗസ്റ്റ് ഹൗസ് ഏറ്റെടുത്തു. ബിനി ടൂറിസ്റ്റ് ഹോം എന്ന പേര് ബിനി ഹെറിറ്റേജ് എന്നാക്കി മാറ്റി. കോര്‍പറേഷന്‍ വഴിവിട്ട് സഹായം ചെയ്തെന്നും ഗസ്റ്റ് ഹൗസ് കോര്‍പറേഷന്‍ ഏറ്റെടുക്കണമെന്നും ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ വാദിച്ചു. പക്ഷേ, ഈ വാദം ഹൈക്കോടതി തള്ളി. ബി.ജെ.പിയുടെ ആറ് കൗണ്‍സിലര്‍മാരും അഞ്ചു ലക്ഷം രൂപ വീതം പിഴയൊടുക്കണം. മാത്രവുമല്ല, ഇവര്‍ക്കു വേണ്ടി ഹാജരായ തൃശൂരിലെ അഭിഭാഷകന്‍ കെ.പ്രമോദും അഞ്ചു ലക്ഷം രൂപ പിഴയൊടുക്കണം.
ബിനി ഹെറിറ്റേജിന് എതിരെ കോര്‍പറേഷന്‍ കൗണ്‍സിലിലും പുറത്തും ബി.ജെ.പി. വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. പിഴയൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ബി.ജെ.പിയ്ക്ക് രാഷ്ട്രീയമായി തിരിച്ചടിയായി. സി.പി.എം നേതാക്കള്‍ ഇടപ്പെട്ട് ബിനി ഗസ്റ്റ്ഹൗസ് ഇഷ്ടപ്പെട്ടവര്‍ക്ക് കൊടുത്തെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ഈ ആക്ഷേപങ്ങളാണ് ഹൈക്കോടതി തള്ളിയത്. നിയമം പാലിച്ചാണ് ഗസ്റ്റ് ഹൗസ് കോര്‍പറേഷന്‍ നല്‍കിയതെന്ന് ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമായി.