AI Video Image
റെഡ് കാര്‍പ്പറ്റിലൂടെ നടന്ന് ചായവില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോ പുറത്തുവിട്ട കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം. പാര്‍ലമെന്റ് ശീതകാല സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് രാഗിണി നായക് പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള എഐ വിഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ലോക നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിക്കിടെ റെഡ് കാര്‍പറ്റിലൂടെ സ്യൂട്ട് ധരിച്ച്, ഒരു കയ്യില്‍ ചായക്കെറ്റിലും രണ്ടാമത്തെ കയ്യില്‍ ഗ്ലാസ് സ്റ്റാന്‍ഡും പിടിച്ചു നടക്കുന്ന വിഡിയോ ആണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
2014 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണ് ഇപ്പോഴും സര്‍ക്കാറിനെ വിമര്‍ശിക്കാനായി കോണ്‍ഗ്രസ് ഉപയോഗിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. പിതാവ് ഗുജറാത്തിലെ വദ്നഗര്‍ സ്റ്റേഷനിലെ ചായ വില്‍പനക്കാരനായിരുന്നെന്നും താന്‍ കുഞ്ഞുനാളില്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്നുമാണ് മോദി അന്നു പറഞ്ഞത്. അന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയെ ഈ പശ്ചാത്തലം പറഞ്ഞ് പരിഹസിച്ചിരുന്നു. കൃത്യം പത്തുവര്‍ഷം കഴിഞ്ഞ് കോണ്‍ഗ്രസ് സമാന ആയുധവുമായി പ്രധാനമന്ത്രിയെ അപമാനിച്ചുവെന്നാണ് ബിജെപി പറയുന്നത്.
കോണ്‍ഗ്രസിന്റെ ദുഷിച്ച ചിന്താഗതിയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സി.ആര്‍. കേശവന്‍ പറയുന്നു. ഇന്ത്യ ബഹുമാനിക്കുന്ന വ്യക്തിയെ ഈ രീതിയില്‍ അപമാനിക്കുന്നത് 140കോടി ജനതയേയും അപമാനിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വേണ്ടി വോട്ട് ചെയ്ത വോട്ടര്‍മാരെയെല്ലാം പരിഹസിക്കുകയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.