സി.പി.എമ്മിനെ വെട്ടിലാക്കിയ കത്തുചോര്‍ച്ച വിവാദത്തില്‍ പരാതിക്കാരന്‍ മുഹമ്മദ് ഷര്‍ഷാദിന് വക്കീല്‍ നോട്ടിസ് അയച്ച് എം.വി.ഗോവിന്ദന്‍. ആരോപണം പിന്‍വലിച്ച് മൂന്നുദിവസത്തിനകം മാപ്പുപറയണമെന്നാണ് ആവശ്യം. എന്നാല്‍ വിവാദത്തില്‍ ഇന്നും എം.വി.ഗോവിന്ദന്‍ പ്രതികരിച്ചില്ല. പാര്‍ട്ടിയെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നാണ് മറ്റു നേതാക്കളുടെ നിലപാട്.  പിണറായിയുടെ ഭാഷ പ്രകാരം രാജേഷ് കൃഷ്ണ അവതാരമാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. 

ആരോപണങ്ങള്‍ അസംബന്ധമെന്ന് ഇന്നലെ പറഞ്ഞൊഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്ന്  വിഷയത്തില്‍ പ്രതികരിച്ചില്ല. പാര്‍ട്ടി സെക്രട്ടറിയായതിനാലാണ് എം.വി.ഗോവിന്ദനെ ലക്ഷ്യംവയ്ക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. ഷര്‍ഷാദിന്‍റെ ആരോപണത്തില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്കില്ലെന്ന് എം.വി.ജയരാജനും വിവാദങ്ങള്‍ക്ക് അല്‍പായുസ്സെന്ന് പി.ജയരാജനും പ്രതികരിച്ചു.

കത്തുവിവാദത്തില്‍ സി.പി.എമ്മിന് ഉത്തരം മുട്ടിയെന്ന നിലപാടിലാണ് പ്രതിപക്ഷം.  കൂടുതല്‍ അന്വേഷണം വേണമെന്ന് കേന്ദ്രര്‍ക്കാരിനോട് ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പടുമെന്ന് എം.ടി. രമേശ് പറഞ്ഞു. മാധ്യമങ്ങളില്‍ കണ്ട അറിവുമാത്രമേ വിഷയത്തെക്കുറിച്ച് ഉള്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. 

ENGLISH SUMMARY:

CPM Letter Leak Controversy: MV Govindan has sent a legal notice to the complainant, Muhammad Shershad, demanding an apology for his allegations. The opposition claims the CPM is struggling to respond to the letter controversy.