elamaram-letetr

സിപിഎമ്മിന് വ്യവസായി നല്‍കിയ കത്ത് ചോര്‍ന്നുവെന്ന വിവാദത്തില്‍ പാര്‍ട്ടിയെ പ്രതിരോധിച്ച് നേതാക്കള്‍. കത്തു ചോര്‍ന്നോയെന്ന് പറയേണ്ടത് പൊളിറ്റ്ബ്യൂറോയാണെന്ന് എളമരം കരീം. സംശയനിഴലില്‍ ഉള്ളവരുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും സംസ്ഥാന സെക്രട്ടറിയായ ഗോവിന്ദന്‍മാഷിന് ഇതില്‍ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

അതേസമയം, കത്ത് ചോര്‍ച്ചാവിവാദത്തിന് പിന്നില്‍ വലതുപക്ഷ മാധ്യമങ്ങളാണെന്ന് പി.ജയരാജന്‍. വിവാദങ്ങള്‍ക്ക് അല്‍പ്പായുസ്സാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ പ്രമുഖ നേതാക്കൾക്കെതിരെ കള്ളപ്പണ, ഹവാല ഇടപാടുകൾ ഉൾപ്പെടെ ആരോപിക്കുന്ന കത്തും പൊലീസ് പരാതിയും ഉൾപ്പെടെ പുറത്ത് വന്നിട്ടും സംസ്ഥാന സെക്രട്ടറിയടക്കം പ്രതികരിക്കാൻ തയ്യാറായിട്ടില്ല. യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ കണ്ണൂരിൽ നിന്നുള്ള വ്യവസായി ബി.ഷർഷാദ് ഉന്നയിച്ച ആരോപണങ്ങൾ അസംബന്ധം ആണെന്ന നിലപാടിൽ ആണ് നേതാക്കൾ. വിവാദങ്ങളെ കുറിച്ച് അറിയില്ലെന്നും പ്രതികരിക്കാനില്ലെന്നുമുള്ള നിലപാടാണ് ബിനോയ് വിശ്വം സ്വീകരിച്ചത്.

അതേസമയം, ആരോപണങ്ങളുടെ കേന്ദ്ര സ്ഥാനത്തുള്ള പാർട്ടി യുകെ ഘടകം ഭാരവാഹി രാജേഷ് കൃഷണ മറുപടിയുമായി രംഗത്തെത്തി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും പാർട്ടി എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പമുണ്ടാകും എന്നാണ് രാജേഷ് പ്രതികരിച്ചത്. 

ENGLISH SUMMARY:

CPM letter leak controversy involves accusations against party leaders. Leaders defend the party, dismissing allegations as baseless and attributing the controversy to right-wing media.