കത്ത് ചോര്‍ച്ചാ വിവാദത്തില്‍ ആരോപണമുനയില്‍ കൂടുതല്‍ സി.പി.എം നേതാക്കള്‍. എം.ബി.രാജേഷ്, തോമസ് ഐസക്, പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ ബെനാമിയാണ് രാജേഷ് കൃഷ്ണയെന്ന് ആരോപിച്ച് രണ്ടുവര്‍ഷം മുന്‍പ് ഡിജിപിക്ക് നല്‍കിയ പരാതിയും പുറത്തായി. രാജേഷ് കൃഷ്ണയ്ക്ക് എം.വി ഗോവിന്ദന്‍റെ മകനുമായുള്ള ഇടപാടുകള്‍ക്ക് തെളിവുകളുണ്ടെന്നും മന്ത്രി എം.ബി രാജേഷിന്‍റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണമെത്തിയെന്നും പരാതിക്കാരന്‍ ഷര്‍ഷാദ് മനോരമ ന്യൂസിനോട് പറഞ്ഞു.
കണ്ണൂര്‍ ന്യൂ മാഹിയില്‍ നിന്നുള്ള വ്യവസായി ബി ഷര്‍ഷദ് സി.പി.എം യു.കെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജഷ് കൃഷ്ണക്കെതിരെ പിബിക്ക് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് പുറത്ത് വന്നതിന്‍റെ ഞെട്ടലില്‍ നിന്ന് സി.പി.എം മുക്തമാകും മുമ്പാണ് പ്രമുഖ പാര്‍ട്ടി നേതാക്കളുടെയും മന്ത്രിമാരുടെയു പേരില്‍ ബിനാമി, കള്ളപ്പണ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പരാതിയും പുറത്തുവരുന്നത്.
മുന്‍ധനമന്ത്രി തോമസ് ഐസക്, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, നിലവില്‍ മന്ത്രിയായ എം.ബി രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മകന്‍ ശ്യാംജിത്ത് എന്നിവരുടെ ബെനാമിയാണ് താനെന്ന് രാജേഷ് കൃഷ്ണ തന്നെ പറഞ്ഞിട്ടുള്ളതായി പരാതിയില്‍ ആരോപിക്കുന്നു. സര്‍ക്കാരിന്‍റെ സുപ്രധാന പദ്ധതികളായ കീഫ്ബി മസാല ബോണ്ടും, കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി എന്നിവയുമായും രാജേഷ് കൃഷ്ണയ്ക്ക് പങ്കുണ്ട്.
ലണ്ടനില്‍ ഒറ്റമുറി ഫ്ലാറ്റില്‍ ഭാര്യയോടൊപ്പം കഴിഞ്ഞിരുന്ന രാജേഷിന്‍റെ സാമ്പത്തികനില 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മാറി മറിഞ്ഞു. ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ 2020ല്‍ നടന്ന 'പ്ലാസ്റ്റ് സെയ്‌വ്' പരിപാടിയുടെ മറവില്‍ മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ കള്ളപ്പണം വെളുപ്പിച്ചു. ഇങ്ങനെ നീളുന്ന ആരോപണങ്ങള്‍. മന്ത്രി എം.ബി രാജേഷുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ ഷര്‍ഷദ് മനോരമന്യൂസിനോട് വെളിപ്പെടുത്തി. എം.വി ഗോവിന്ദന്‍റെ മകന്‍റെ ഇടപാടുകള്‍ക്ക് തെളിവുകള്‍ കയ്യിലുണ്ടെന്നും അവകാശവാദം.
അതേസമയം ആരോപണങ്ങള്‍ക്ക് ചില സി.പി.എം നേതാക്കളുടെ പിന്തുണയുണ്ടെന്ന അഭ്യൂഹങ്ങള്‍ ഷര്‍ഷദ് തള്ളി. ഇ.പി ജയരാജനുമായി തനിക്ക് ബന്ധമില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ കണ്ടപ്പോള്‍ ഒരു സെല്‍ഫി എടുത്തു എന്നേയുള്ളൂവെന്നും ഷര്‍ഷദിന്‍റ വിശദീകരണം.