shoba-bjp

കേരള പൊലീസില്‍ ശോഭാ സുരേന്ദ്രന്‍റെ ഒറ്റുകാരനായ ആ പൊലീസുകാരന്‍ ആരായിരിക്കും? കേരള പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം തകൃതിയായി അന്വേഷിക്കുന്നത് ആ പൊലീസുകാരനെക്കുറിച്ചാണ്. പ്രതിഷേധത്തിനിടെ ബി.ജെ.പിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനെ വിളിച്ചു പറഞ്ഞ പൊലീസുകാരനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല

വീട്ടില്‍ നിന്നിറങ്ങും മുമ്പ് ഫോണ്‍ വന്നു. ബി.ജെ.പിക്കാരെ കൈകാര്യം ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്. പനിയോ ചെവിയില്‍ അസുഖം ഉണ്ടെങ്കിലോ മുന്നില്‍ നില്‍ക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പൊലീസില്‍ 60 ശതമാനം പേരും മോദി ഫാന്‍സാണ് – ശോഭാ സുരേന്ദ്രന്‍റെ ഈ പ്രസംഗം കേട്ട ഉടനെ തൃശൂരിലെ രഹസ്യ പൊലീസിന് പണി കിട്ടി. ഒറ്റുകാരനായ പൊലീസുകാരനെ കണ്ടെത്തണം. എങ്ങനെ കണ്ടെത്തും?. ശോഭാ സുരേന്ദ്രനെ ഡയറക്ടായി വിളിച്ചാല്‍ അല്ലേ കോള്‍ വിവര പട്ടികയില്‍ നമ്പര്‍ കിട്ടൂ. ഇനി, വാട്സാപ്പ് കോള്‍ ആണെങ്കിലോ? എളുപ്പമാകില്ല കാര്യങ്ങള്‍! . ബി.ജെ.പി. അനുഭാവികളെയാണ് സംശയം. സി.പി.എം, കോണ്‍ഗ്രസ് അനുഭാവികളായ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്. അതുപോലെ, ബി.ജെ.പി. അനുഭാവികളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് പൊലീസ് സേനയ്ക്കുള്ളില്‍ എല്ലാവര്‍ക്കും അറിയാം. ശോഭാ സുരേന്ദ്രനെ ഫോണില്‍ വിളിച്ചു പറഞ്ഞ ആ പൊലീസുകാരനെ കഴിഞ്ഞ രണ്ടു ദിവസത്തെ കൂലങ്കുഷമായ അന്വേഷണത്തില്‍ കിട്ടിയിട്ടില്ല. അന്വേഷണം തുടരുകയാണ്.  

മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ ബി.ജെ.പിയും തിരയുകയാണ്. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബി.ജെ.പി. നടത്തിയ മാര്‍ച്ചിലായിരുന്നു ഈ തലയ്ക്കടി. അതും ബി.ജെ.പിയുടെ സിറ്റി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിന്‍ ജേക്കബിന്‍റെ തലയിലാണ് അടി. മാസ്ക്ക് ധരിച്ച ഈ പൊലീസുകാരന്‍ ആരാണെന്ന് ബി.ജെ.പിയും അന്വേഷിച്ചു വരികയാണ്. 

ENGLISH SUMMARY:

Kerala Police are investigating a potential informant within the force who allegedly contacted Shobha Surendran. The investigation is focused on identifying the officer who claimed to be ready to handle BJP members during protests.