ശബരിമല സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടിയുടെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് ഹൈക്കോടതി. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതിൽ ആശങ്കയില്ല. സ്വാഭാവിക ജാമ്യം ലഭിച്ചതുകൊണ്ട് കേസിൽ ഉൾപ്പെട്ടിട്ടുള്ള കുറ്റവാളികൾ ആരും രക്ഷപ്പെടില്ലെന്നും കോടതി പറഞ്ഞു.
സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു നിലവിലെ അന്വേഷണം ശരിയായ ദിശയിലെന്നും തങ്ങൾക്ക് വിശ്വാസമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയത്. എസ്.ഐ.ടി അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത ഏറ്റവും മികച്ചതാണ്. കൊലപാതകം, മർദ്ദനം പോലെ വേഗത്തിൽ പൂർത്തിയാക്കാവുന്ന അന്വേഷണമല്ല ഈ കേസിലേത്. Also Read: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി; റിമാന്‍ഡില്‍ തുടരും .
അതിസങ്കീർണമായ അസാധാരണ കേസാണിത്. കൊള്ളയുടെ ഓരോ കണ്ണിയും കൂട്ടിച്ചേർക്കേണ്ടതുണ്ട്. 90 ദിവസത്തിന് ശേഷം പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ല. സ്വാഭാവിക ജാമ്യം ലഭിച്ചതുകൊണ്ട് മാത്രം കേസിൽ ഉൾപ്പെട്ടിട്ടുള്ള കുറ്റവാളികൾ ആരും രക്ഷപ്പെടില്ലെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബഞ്ച് വ്യക്തമാക്കി.
കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കേസിലെ പ്രതികൾ ഓരോരുത്തരായി ജാമ്യം നേടി പുറത്തിറങ്ങുന്ന സാഹചര്യം വാദത്തിനിടെ ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇത് പ്രത്യേകാന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. ജനങ്ങൾക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും, കൂടുതൽ കാര്യങ്ങൾ ഈ സമയത്ത് വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്. ഹർജികൾ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.