കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി കടുത്തുരുത്തിയിൽ മത്സരിക്കുമെന്ന പ്രചാരണം നിലനിൽക്കെ, കടുത്തുരുത്തിയിൽ വൻ യുവജനറാലിക്കൊരുങ്ങി യൂത്ത് ഫ്രണ്ട് (എം). പാലായ്ക്ക് പിന്നാലെ കടുത്തുരുത്തിയിലും ശക്തി പ്രകടനത്തിന് തയാറെടുക്കുന്നു. ഇതിനിടെ പാലായിലെ റാലിയിൽ പങ്കെടുത്ത ജോസ് കെ. മാണിയുടെ മകൻ രാഷ്ട്രീയത്തിൽ സജീവമാകുമെന്ന വാർത്ത കുടുംബം തള്ളി.
കടുത്തുരുത്തിയിൽ ഈ മാസം 30-ന് 198 വാർഡുകളിൽ നിന്ന് 2500 പേരെ പങ്കെടുപ്പിച്ച് യുവജന റാലിയിലൂടെ ശക്തി തെളിയിക്കാനാണ് കേരള കോൺഗ്രസ് (എം) യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് (എം)-ൻ്റെ തീരുമാനം. കഴിഞ്ഞ ദിവസം പാലായിൽ നടത്തിയ റാലിയുടെ ആവേശം കടുത്തുരുത്തിയിലും ഉറപ്പാക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലാ വിട്ട് കടുത്തുരുത്തിയിൽ മത്സരിക്കുമെന്നാണ് പ്രചാരണം.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ പരാജയപ്പെട്ടെങ്കിലും മോൻസ് ജോസഫിന്റെ ഭൂരിപക്ഷം 5000-ത്തിന് താഴെ എത്തിക്കാൻ കേരള കോൺഗ്രസ് (എം)-ന് സാധിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം പാലായിൽ നടന്ന റാലിയിൽ ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി പങ്കെടുത്തത് അണികൾക്കിടയിൽ ചർച്ചയാണ്.
മകൻ കെ.എം. മാണി രാഷ്ട്രീയത്തിൽ സജീവമാകാൻ വേണ്ടിയാണ് റാലിയിൽ പങ്കെടുത്തതെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത കുടുംബം തള്ളി. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മകന് ഉപരിപഠനം ഉൾപ്പെടെയുള്ളതിനാൽ സജീവ രാഷ്ട്രീയം ഇപ്പോഴുണ്ടാകില്ല. രണ്ടു വർഷം മുമ്പ് വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി-യിൽ അംഗത്വം എടുത്തെങ്കിലും ഭാരവാഹിയല്ലെന്നും കുടുംബം അറിയിച്ചു.