നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പെരുമ്പാവൂര്‍ സീറ്റിലെ സ്ഥാനാര്‍ഥിയാരെന്നതിനെച്ചൊല്ലി കേരളകോണ്‍ഗ്രസ് എമ്മിലെ പോര് മൂര്‍ച്ഛിക്കുന്നു.കഴിഞ്ഞ പ്രവശ്യം പെരുമ്പാവൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ച ബാബു ജോസഫിനെതിരെ ഒരുവിഭാഗം പ്രവര്‍ത്തിക്കുന്നവെന്നാരോപിച്ച് പാര്‍ട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി അംഗം റോണി മാത്യുവിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ. എറണാകുളം ജില്ലാകമ്മറ്റിയാണ് സംസ്ഥാന കമ്മറ്റിയോട് ആവശ്യം ഉന്നയിച്ചത്.
പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥി മാറ്റമുണ്ടാകുമെന്നും റോണി മാത്യൂ സ്ഥാനാര്‍ഥിയാകും എന്ന പ്രചാരണങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് റോണി മാത്യുവാണെന്ന് വിലയിരുത്തിയാണ് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാകമ്മറ്റി നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്. കടുത്ത അച്ചടക്കലംഘനം നടത്തിയ റോണിമാത്യുവിനെ ഒരുവര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും സ്ഥാനമാനങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം.
കഴിഞ്ഞപ്രവശ്യം കോണ്‍ഗ്രസിലെ എല്‍ദോസ് കുന്നപ്പള്ളിയോടാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ബാബു ജോസഫ് പരാജയപ്പെട്ടത്.ഇതേതുടര്‍ന്ന് വോട്ടുചോര്‍ച്ച ആരോപിച്ച് ബാബു ജോസഫ് സിപിഎമ്മിന് പരാതി നല്‍കി.ഇതില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച സിപിഎം കുറ്റക്കാര്‍ക്കെതിരെ നടപടിയുമെടുത്തു.ഇത് വിവാദങ്ങള്‍ക്കും വഴിവച്ചു. ഇക്കാരണത്താല്‍ ബാബു ജോസഫിനെതിനെതിരെ സിപിഎമ്മിന് അതൃപ്തിയുണ്ടെന്നാണ് കേരള കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്‍റെ പക്ഷം. എറണാകുളം ജില്ലാ പ്രസിഡന്‍റ് ടോമി ജോസഫിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം.