ലോകത്തിലെ ഏറ്റവും തലമുതിർന്ന നേതാവിനെയാണ് വിഎസിന്‍റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് എം.സ്വരാജ്. ആദ്യകാലത്ത് സ്വീകരിച്ച നിലപാട് തന്നെ വി.എസ് മരണം വരെ തുടർന്നു. അനുകൂല സാഹചര്യത്തിൽ അല്ല കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത്. വി.എസ് ഉയർത്തിയ തെളിമയാർന്ന രാഷ്ട്രീയം വരും കാലങ്ങളിൽ തുടരുമെന്നും പറഞ്ഞ സ്വരാജ് ചിതയുടെ ചൂടാറും മുൻപ് വി.എസിനെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.
വി.എസിനെ വിവാദങ്ങളിൽ വീണ്ടും തളച്ചിടാൻ ഒരു കൂട്ടം മാധ്യമങ്ങൾ ശ്രമിക്കുന്നു. ഏവരുടെയും ഇഷ്ടത്തിന് പാത്രമായ വി.എസിനെ ആക്രമിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. വി.എസിന്‍റെ തലമുറയിൽ നിന്ന് ആരും ഇന്ന് നമ്മോടൊപ്പമില്ല. ആരോഗ്യവാനായിരിക്കുന്ന സമയത്ത് ഇക്കാര്യങ്ങൾക്കെല്ലാം വി.എസ് മറുപടി നൽകിയിട്ടുണ്ട്. ഇപ്പോൾ ജീവനോടെ ഇല്ലാത്ത സമയത്താണ് വിവാദങ്ങൾ സൃഷ്ടിക്കുന്നത്... സ്വരാജ് പറയുന്നു.
വി.എസിനെ വിവാദങ്ങളുടെയും വിഭാഗീയതയുടെയും പ്രതീകമായി അവതരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സ്വരാജ് ആരോപിച്ചു. എല്ലാവരുടെയും സ്നേഹാദരങ്ങൾക്ക് പാത്രമായ ലോകത്തിലെ ഏറ്റവും മുതിർന്ന കമൂണിസ്റ്റ് ആണ് വി.എസ്. അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ ഒരു കാലഘട്ടത്തിന്‍റെ ചരിത്രം അവസാനിക്കുകയാണ്, സ്വരാജ് പറഞ്ഞു. ആലപ്പുഴ കഞ്ഞിക്കുഴിയിൽ നടന്ന വി.എസ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.