വി.എസ്.അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെൻ്റ് നല്‍കണമെന്ന് തിരുവനന്തപുരം സമ്മേളനത്തിന് പിന്നാലെ ആലപ്പുഴയിലും വനിതാ പ്രതിനിധി ആവശ്യപ്പെട്ടതായി മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ സുരേഷ് കുറുപ്പിന്‍റെ വെളിപ്പെടുത്തല്‍. വി.എസ്സിന്‍റെ കൊച്ചുമകളുടെ പ്രായമുള്ള പെണ്‍കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഈ അധിക്ഷേപം സഹിക്കാന്‍ വയ്യാതെ വി.എസ് വേദിവിട്ട് പുറത്തേക്കിറങ്ങി. ഏകനായി, ദുഃഖിതനായി ആണ് വിഎസ് സമ്മേളന വേദിവിട്ട് വീട്ടിലേക്ക് പോയതെന്നും ഓര്‍മ്മക്കുറിപ്പില്‍ സുരേഷ് കുറുപ്പ് പറയുന്നു.
എന്നാല്‍ സുരേഷ് കുറുപ്പിനെ തള്ളി വി.ശിവന്‍കുട്ടി രംഗത്തെത്തി. ആരും ക്യാപിറ്റല്‍ പണിഷ്‌മെൻ്റ് പരാമര്‍ശം നടത്തിയിട്ടില്ല. ഒരു വനിതാ നേതാവും ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ല. വിഎസ് മരിച്ചശേഷം അനാവശ്യ വിവാദത്തിന് ശ്രമമെന്നും ശിവന്‍കുട്ടി വിശദീകരിച്ചു.
അതേസമയം, വി.എസിനെതിരായ ക്യാപിറ്റല്‍ പണിഷ്‌മെൻ്റ് പരാമര്‍ശം തള്ളാതെയായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും വി.എസ് പക്ഷക്കാരനുമായ എന്‍.എന്‍ കൃഷ്ണദാസിന്റെ പ്രതികരണം. സമ്മേളന ചര്‍ച്ചകളില്‍ പല അഭിപ്രായങ്ങളും ഉയരുമെന്നും അത് പൊതുസമൂഹത്തിനു മുന്നില്‍ പറയാതിരിക്കലാണ് കമ്യൂണിസ്റ്റുകാരന്‍ ശീലിക്കേണ്ടതെന്നും കൃഷ്ണദാസ് മനോരമന്യൂസിനോട് പറഞ്ഞു. ക്യാപിറ്റല്‍ പണിഷ്‌മെൻ്റ് അഭിപ്രായം ഉയര്‍ന്നോ എന്ന ചോദ്യത്തിനു അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തയാള്‍ കൂടിയായ കൃഷ്ണദാസ് തള്ളിയില്ല. പിരപ്പന്‍കോട് മുരളിയുടേയും ജി.സുധാകരന്‍റെയും വാദങ്ങള്‍ അംഗീകരിക്കാനാവില്ല.
2011 ല്‍ വി എസിനു തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ രണ്ടുസീറ്റുകളില്‍ അട്ടിമറി നടത്തിയെന്നത് അപ്രായോഗികമായ കാര്യം. 96 ലെ മാരാരിക്കുളം തോല്‍വി വി.എസിനു വലിയ ആഘാതമുണ്ടാക്കിയെന്നും മാരാരിക്കുളത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്ന് പാര്‍ട്ടിതന്നെ വിലയിരുത്തിയതാണെന്നും കൃഷ്ണദാസ് പറഞ്ഞു.