പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ആക്ഷേപിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ ഈഴവ വിരോധിയാണെന്നും ഈഴവനായ കെ. സുധാകരനെ ഒതുക്കിയെന്നും വെള്ളാപ്പളളി ആരോപിച്ചു.
സതീശന്‍ മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനാണ് സതീശന്റെ നീക്കങ്ങളെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. സതീശന്‍ തന്നെ ഗുരുധര്‍മം പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ വെള്ളാപ്പള്ളി സതീശന് തന്നെ കണ്ണെടുത്താല്‍ കണ്ടുകൂടെന്നും വ്യക്തമാക്കി. മൂവാറ്റുപുഴയില്‍ എസ്.എന്‍.ഡി.പി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ വി.ഡി. സതീശന്‍ വെള്ളാപ്പള്ളിയുടെ ആക്ഷേപങ്ങളോട് പ്രതികരിച്ചു. എന്‍റെ മണ്ഡലത്തിൽ 52 ശതമാനം വോട്ടർമാരും ഈഴവ വിഭാഗക്കാരാണെന്നും എന്നെക്കുറിച്ച് അറിയാൻ മണ്ഡലത്തിൽ തിരക്കിയാൽ മതിയെന്നും സതീശന്‍ പറഞ്ഞു.
ഒരു ഈഴവ വിരോധവും ഞാൻ കാണിച്ചില്ല. ഞാനും ഒരു ശ്രീനാരായണീയനാണ്. ഗുരുദേവ ദർശനങ്ങൾ പിന്തുടരുന്നയാളാണ് ഞാൻ. ഗുരുദേവൻ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്നും സതീശന്‍ വ്യക്തമാക്കി. ആരു വർഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്നും അതിനെതിരെ പ്രതികരിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.