തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് എടുക്കാച്ചരക്കായി മാറുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി പറയുന്ന ഓഡിയോ സംഭാഷണം പുറത്ത്. ഒരു പ്രാദേശിക നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പാലോട് രവിയുടെ പരാമർശം. എൽഡിഎഫിനു മൂന്നാമതും തുടർഭരണം ലഭിക്കുമെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലടക്കം കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നും പാലോട് രവി ഫോൺ സംഭാഷണത്തിൽ പറയുന്നു.
‘പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാമത് പോകും. നിയമസഭയില്‍ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോൺഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും', പാലോട് രവി പറയുന്നു.
മുസ്ലിം സമുദായങ്ങള്‍ വേറെ പാര്‍ട്ടിയിലേക്കും കുറച്ചുപേര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്കും പോകും. കോൺഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാച്ചരക്കായി മാറുമെന്നും പാലോട് രവി പറഞ്ഞു. അതേ സമയം പ്രാദേശിക നേതാവിന് നല്‍കിയത് ജാഗ്രതാ നിര്‍ദേശമെന്നും ഭിന്നത ഒഴിവാക്കി പ്രവര്‍ത്തിക്കണമെന്ന താക്കീതാണ് നല്‍കിയതെന്നും പാലോട് രവി വ്യക്തമാക്കി.