ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമർശത്തിൽ പ്രതികരിച്ച് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. ഇതേക്കുറിച്ച് താൻ ഒരു കാലത്തും പറഞ്ഞിട്ടില്ല. പാർട്ടി കമ്മറ്റികളിൽ പലരും പലതും വിളിച്ചു പറയാറുണ്ട്. അത് അക്കാലത്തെ മാനസീക വളർച്ച അനുസരിച്ച് പറയുന്നതാണെന്നും സുധാകരൻ പറഞ്ഞു.
മാരാരിക്കുളത്ത് വി.എസ്.ജയിക്കേണ്ടതായിരുന്നുവെന്ന് ജി. സുധാകരൻ. 7000 വോട്ടിന് പിറകിലാണെന്ന് ബൂത്ത് അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് വന്നു. AC ഓഫീസിൽ റിപ്പോർട്ട് കൊടുക്കുകയും ചെയ്തു. ഈ റിപ്പോർട്ട് ആരും കാണാതെ പൂഴ്ത്തി വച്ചു. പൂഴ്ത്തിയവർക്ക് വി.എസ് ജയിക്കണം എന്നാഗ്രഹമില്ലെന്നും ആരോ അതിന് ചുക്കാൻ പിടിച്ചിട്ടുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു.
Read more at: ക്യാപിറ്റല്‍ പണിഷ്മെന്‍റ് കെട്ടുകഥയല്ല; നേതാക്കള്‍ യുവാവിനെ ചിരിച്ച് പ്രോല്‍സാഹിപ്പിച്ചു; തുറന്നടിച്ച് പിരപ്പന്‍കോട് മുരളി
തന്നെ പാർട്ടി ചാനലിനും വേണ്ടന്ന് വിഷമം പറഞ്ഞ് ജി സുധാകരൻ. വി.എസുമായി അടുത്തു പ്രവർത്തിച്ച ആളാണ്. എന്നിട്ടും വി.എസ് അന്തരിച്ചപ്പോൾ ഒരു പ്രതികരണമെടുക്കാൻ പാർട്ടി ചാനൽ മാത്രം വന്നില്ല. അധികാരം ഉണ്ടായിരുന്നപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാത്തവരാണെന്നും സുധാകരൻ പറഞ്ഞു. തനിക്കെതിരെ സൈബർ ആക്രമണം സജീവമാണെന്ന് ജി.സുധാകരൻ. വ്യാജ ഐഡിയിലൂടെ അനാവശ്യം പറയുന്ന കാലം. മരിക്കുമ്പോൾ പാർട്ടി കൊടി പുതപ്പിക്കാൻ ആരും വരില്ലെന്ന ഭീഷണി തിരുത്താനോ, നടപടിയെടുക്കനോ ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയ്ക്ക് വി.എസ് ഇല്ലാത്ത ഒരുകാലമാണ് ഇനി. പിണറായി ആണ് ഇനിയുള്ളത്. പാർട്ടിയെ ശുദ്ധീകരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ചെയ്യുന്ന ജോലി പാഴാകുമെന്ന് ജി. സുധാകരൻ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം വി.എസിന് ക്യാപിറ്റല്‍ പണിഷ്മെന്‍റ് നല്‍കണമെന്ന് 2012ലെ സമ്മേളനത്തില്‍ യുവ നേതാവ് പറഞ്ഞുവെന്ന പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലില്‍ സി.പി.എമ്മിന് മൗനം. ആരോപണം നേരിടുന്ന നേതാവുള്‍പ്പെടെ ഇക്കാര്യത്തില്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരുന്നുണ്ട്. വി.എസിന്‍റെ മരണത്തിന് ശേഷമുള്ള ആദ്യ സെക്രട്ടറിയേറ്റില്‍ വി.എസിന്‍റെ വിലാപയാത്രയിലെ ജനപങ്കാളിത്തവും അതുമായി ബന്ധപ്പെട്ട നടക്കുന്ന ചര്‍ച്ചകളുമെല്ലാം വിഷയമാകും.