വി.എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്‍റ് നല്‍കണമെന്ന് പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗിച്ച ചെറുപ്പക്കാരന് പെട്ടെന്ന് ഉന്നത പദവികളില്‍ എത്താന്‍ കഴിഞ്ഞെന്ന് സമ്മേളന പ്രതിനിധിയായിരുന്ന മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പിരപ്പന്‍കോട് മുരളി. വി.എസിനെ മാരാരിക്കുളത്ത് തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ല. 2011 ല്‍ വി.എസ് മുഖ്യമന്ത്രിയായി തുടരാതിരിക്കാന്‍ സുരക്ഷിതമായ പല സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ ബോധപൂര്‍വം തോല്‍പ്പിച്ചു. 2016 ല്‍ ആദ്യഘട്ടത്തിലെങ്കിലും വി.എസിനെ മുഖ്യമന്ത്രിയാക്കണമെന്ന് വാദിച്ചതിന്‍റെ പേരിലാണ് പിന്നീട് തനിക്ക് പാര്‍ട്ടി ഘടകങ്ങളില്‍ ഇടംകിട്ടാതെ പോയതെന്നും പിരപ്പന്‍കോട് മുരളി മനോരമ ന്യൂസിനോട് പറഞ്ഞു.
വി.എസിന് ക്യാപിറ്റല്‍ പണിഷ്മെന്‍റ് നല്‍കണമെന്ന് സിപിഎം സമ്മേളനത്തില്‍ യുവാവ് പ്രസംഗിച്ചത് കെട്ടുകഥയായിരുന്നില്ല. അന്ന് പാര്‍ട്ടി നേതാക്കള്‍ ചിരിച്ച് പ്രോല്‍സാഹിപ്പിച്ചതല്ലാതെ പ്രസംഗം നിര്‍ത്താന്‍ ഒരാളും ശ്രമിച്ചില്ലെന്നും മുരളി പറയുന്നു. കോടിയേരിയാവട്ടെ അത് യുഡിഎഫ് നേതാക്കള്‍ പറഞ്ഞതാണെന്ന് വരുത്താന്‍ ശ്രമിച്ചു. ക്യാപിറ്റല്‍ പണിഷ്മെന്‍റിനെ കുറിച്ച് പറഞ്ഞ യുവാവ് നല്ല വായനക്കാരനാണെന്നും സംസ്ഥാന കമ്മിറ്റി അംഗവും പിന്നീട് സെക്രട്ടറിയേറ്റിലുമെത്തിയെന്നും മുരളി തുറന്നടിക്കുന്നു.
മാരാരിക്കുളത്ത് വി.എസിനെ ചതിച്ച് തോല്‍പ്പിച്ചതാണ്. ജയിച്ച പി.ജെ. ഫ്രാന്‍സിസ് തന്നോട് പലതും വെളിപ്പെടുത്തിയിട്ടുണ്ട്. വി.എസിനെതിരെ പ്രവര്‍ത്തിച്ച കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ നടപടിയില്‍ നിന്നും രക്ഷപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നിങ്ങളുടെ നേതാക്കള്‍ സഹായിച്ചത് കൊണ്ടാണ് ഞാന്‍ ജയിച്ചതെന്ന് ഫ്രാന്‍സിസ് തന്നോട് പറഞ്ഞിട്ടുണ്ട്. രണ്ട് സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളും ഒരു സംസ്ഥാന കമ്മിറ്റിയംഗവും വി.എസിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ജയിക്കേണ്ട സീറ്റുകള്‍ പലതും ബോധപൂര്‍വം തോല്‍പ്പിച്ച് 2011 ലെ തുടര്‍ഭരണം സംസ്ഥാന നേതൃത്വം നഷ്ടപ്പെടുത്തിയെന്നും പിരപ്പന്‍കോട് മുരളി ആരോപിക്കുന്നു. 'വി.എസ്.കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം' എന്ന പുസ്തകം പുറത്ത് വരുന്നതോടെ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്ത നിരവധി വിവാദങ്ങള്‍ക്ക് മറുപടിയാവുമെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞു.