തൊഴിലാളി വിരുദ്ധ നയങ്ങളിൽ മടുത്ത തൊഴിലാളികൾ തങ്ങളുടെ പ്രസ്ഥാനത്തിനെതിരെ വോട്ട് ചെയ്ത് രക്ഷാപ്രവർത്തനം നടത്തിയ സർക്കാരായി ഈ സർക്കാർ മാറുമെന്ന് പിവി അന്‍വര്‍. കമ്യൂണിസ്റ്റ് സർക്കാറുകളിലേതും ഏറ്റുവാങ്ങാത്ത ഭരണവിരുദ്ധ വികാരം ഏറ്റുവാങ്ങിയ സര്‍ക്കാരാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ബഹുമാന്യനായ മുഖ്യമന്ത്രിക്ക് ഭരണവിരുദ്ധ വികാരം അറിയാം. ഭരണം നിലനിർത്തുക എന്നത് ഏത് വിധേനയും അദ്ദേഹത്തിന് ആവശ്യമാണ്. അല്ലാത്തപക്ഷം ഈ സർക്കാരിന്റെ അവസാനത്തിൽ  അഴിക്കുള്ളിലാവുന്നവർ ആരെല്ലാമായിരിക്കും? മഹാനായ ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.കെ വാസുദേവൻ നായർ, ഇ.കെ നായനാർ, വി.എസ് അച്യുതാനന്ദൻ തുടങ്ങി കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിൽ ആരും "ഡീൽ" ചെയ്യാത്ത അവസ്ഥയാണിത്.  

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയധാര "വർഗ്ഗ ബഹുജന സംഘടനകളിലൂടെ"  പകർന്നു വയ്ക്കപ്പെടുന്നതും നടപ്പിലാക്കപ്പെടുന്നതും ആണല്ലോ. "വർഗ്ഗസമരം" എന്ന പദം പോലും അർത്ഥവത്താകുന്നതങ്ങനെയാണ്. ഏതാണ് ഈ വർഗ്ഗം?

തൊഴിലാളി വർഗ്ഗത്തെയും തൊഴിലാളികളെയും തൊഴിലാളിപ്രസ്ഥാനം മറന്ന കാലത്ത് പാർട്ടി  “സിംഗിൾ ഹാൻഡഡ്” “പ്രൈവറ്റ് പ്രോപ്പർട്ടി” ആയി എന്നത് വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ ഏത് തലമാവും?!! അതുകൊണ്ടാണ്  മുഖ്യമന്ത്രിക്ക് വർഗ്ഗസമരത്തിന് പകരം വർഗീയമായി ഒരു ജനതയെ ചേരി തിരിച്ച് അഭിസംബോധനം ചെയ്യാനും അതുവഴി അധികാരം നിലനിർത്താനുമുള്ള കൗശലത്തെ കുറിച്ച് ആലോചിക്കേണ്ടി വരുന്നത്.

തൊഴിലാളി വർഗ്ഗബോധത്തിലധിഷ്ഠിതമായ സംവാദങ്ങളെ രാഷ്ട്രീയ പ്രമേയമാക്കിയാണ് കേരളത്തിലെ ഓരോ ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റും അധികാരത്തിലേറിയിട്ടുള്ളത്. എന്നാൽ ഇന്ന് കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമുദായങ്ങളെ കള്ളി തിരിച്ച് നിറുത്തി രാഷ്ട്രീയം നടത്തേണ്ട ഗതികേട് വന്നിരിക്കുന്നു. സമുദായങ്ങളെ കുറിച്ച് സംസാരിക്കേണ്ടി വരുന്നു. സംസാരിപ്പിക്കേണ്ടി വരുന്നു.

ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ആശയപരമായ അപചയം അളക്കാൻ മറ്റെന്ത് അളവുകോലാണ് വേണ്ടതെന്നും അന്‍വര്‍ ചോദിക്കുന്നു.