കുട്ടനാട്ടിലെ സിപിഎം – സിപിഐ പോരിൽ എൽഡിഎഫിന് നഷ്ടമായത് മൂന്നു പഞ്ചായത്തുകൾ. കൈനകരിയിലെ പാർട്ടികോട്ടകൾ തകർത്ത് അരനൂറ്റാണ്ടിനിടെ ആദ്യമായി യുഡിഎഫ് ഭരണം പിടിച്ച കൈനകരിയിലെ തോൽവിയും സിപിഎമ്മിനെ ഞെട്ടിച്ചു. അപ്രതീക്ഷിതമായ തിരിച്ചടിയാണ് കുട്ടനാട്ടിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എല്‍ഡിഎഫിന് നേരിടേണ്ടി വന്നത്.
സിപിഎമ്മിന്‍റെയും സിപിഐയുടെയും സംസ്ഥാന നേതാക്കൾ ഇടപെട്ടിട്ടു പോലും പരിഹരിക്കാനാവാത്ത പ്രതിസന്ധിയാണ് കുട്ടനാട്ടിൽ എൽഡിഎഫിലുണ്ടായത് . രാമങ്കരി, മുട്ടാർ , നീലംപേരൂർ പഞ്ചായത്തുകളിൽ സിപിഐ ഇടതുമുന്നണിക്ക് പുറത്തായിരുന്നു മൽസരിച്ചത്. രാമങ്കരിയിൽ തുടങ്ങിയ പോര് മറ്റിടങ്ങളിലേക്കും വ്യാപിച്ചപ്പോൾ മൂന്നു പഞ്ചായത്തുകൾ എല്‍ഡിഎഫിന് നഷ്ടമായി. രാമങ്കരിയിലും മുട്ടാറിലും യുഡിഎഫും നീലം പേരൂരിൽ ബിജെപിയും ആധിപത്യം ഉറപ്പിച്ചു. രാമങ്കരിയിലെ സിപിഎമ്മിൽ ഉണ്ടായ ഭിന്നതയാണ് ഒരു വിഭാഗം സിപിഎം പ്രവർത്തകരും 5 പഞ്ചായത്ത് അംഗങ്ങളും സിപിഐയിൽ എത്താൻ കാരണമായത്.
സീറ്റ് ചർച്ച നടന്നപ്പോൾ രാമങ്കരിയിൽ 5 വാർഡുകൾ സിപിഐ ചോദിച്ചു. ചർച്ച പൊളിഞ്ഞതോടെ രാമങ്കരിയിൽ ആറിടത്ത് സിപിഐ ഒറ്റയ്ക്ക് മൽസരിച്ചു. മുട്ടാറിൽ മൂന്നിടത്തും നീലം പേരൂരിൽ രണ്ടിടത്തും. മുന്നണിക്ക് പുറത്ത് നിന്ന് പോരാടി. ഒരിടത്തും ജയിച്ചില്ലെങ്കിലും സിപിഎം സ്ഥാനാർഥികളെ പരാജയപ്പെടുത്താനായി . പഞ്ചായത്ത് രൂപീകൃതമായതു മുതൽ എല്‍ഡിഎഫ് മാത്രം വിജയിച്ചിരുന്ന കൈനകരിയിൽ ചരിത്രത്തിലാദ്യമായി യുഡിഎഫ് അധികാരത്തിൽ വന്നു. കുട്ടനാട് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന 13 പഞ്ചായത്തുകളിൽ 9 ഇടത്തും യുഡിഎഫ് വിജയിച്ചു. ഒരിടത്ത് എന്‍ഡിഎയും നേടി. രണ്ടിടത്ത് മാത്രമാണ് എല്‍ഡിഎഫ് ജയം. ജില്ലാ പഞ്ചായത്തിൽ ഇടത് ശക്തികേന്ദ്രമായ വെളിയനാട് ഡിവിഷൻ സിപിഎമ്മി നിന്ന് യുഡിഎഫ് സ്ഥാനാർഥി സി.വി. രാജീവ് പിടിച്ചെടുത്തു. ചമ്പക്കുളം ഡിവിഷനും യുഡിഎഫ് നേടി.