shashi

 കോണ്‍ഗ്രസ് പരിപാടികളില്‍ ശശി തരൂര്‍ എംപിയെ ബഹിഷ്ക്കരിച്ച് എറണാകുളം ഡിസിസി. തരൂര്‍ ഇന്ന് കൊച്ചിയിലുണ്ടെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഡിസിസി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലും പ്രഫഷനല്‍ കോണ്‍ഗ്രസിന്‍റെ ക്യാംപെയ്നിലും ക്ഷണമില്ല. തരൂരിന്‍റെ മോദി സ്തുതിയോട് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അതൃപ്തിയാണ് അവഗണനയ്ക്ക് കാരണം.

​വിമര്‍ശിച്ച് ആളാക്കാനുമില്ല, വേദി നല്‍കി നേതാവാക്കാനുമില്ല. വിട്ടുകളയുക. ശശി തരൂരിനോടുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ലൈന്‍ ഇതാണ്. നരേന്ദ്ര മോദിയെ പ്രശംസിച്ചും അടിയന്തരാവസ്ഥയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും ജനപിന്തുണയുണ്ടെന്ന സര്‍വേ പങ്കുവച്ചും കോണ്‍ഗ്രസിനെ തരൂര്‍ വല്ലാതെ പ്രതിസന്ധിയിലാക്കി. പ്രവര്‍ത്തക സമിതി അംഗമായ തരൂരിന്‍റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെ എന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്. വി.ഡി സതീശന്‍റെ ജില്ലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ തരൂരിന് ക്ഷണമില്ല. അതും വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ തരൂര്‍ ജില്ലയിലുള്ളപ്പോള്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഡിസിസി സംഘടിപ്പിക്കുന്ന സമര സംഗമത്തില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും അടക്കം പ്രധാനനേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. ഒാള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് നടത്തുന്ന ഫോര്‍ അന്ന ഫോര്‍ ഒാള്‍ എന്ന ക്യാംപെയ്ന്‍ പരിപാടിയും നടക്കുന്നു. പ്രഫഷനല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനായിരുന്നു തരൂര്‍. തരൂര്‍ ഈ സമയത്ത് കൊച്ചിയില്‍ പോയിട്ട് രാജ്യത്തുണ്ടാകുമോ എന്നുതന്നെ അറിയില്ലായിരുന്നു അതുകൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്ന് ഡിസിസി നേതൃത്വം വിശദീകരിക്കുന്നു. എന്നാല്‍ തരൂരിന്‍റെ മോദി സ്തുതിയോടും സമീപകാല നിലപാടുകളോടുമുള്ള അതൃപ്തിയാണ് അവഗണനയ്ക്ക് കാരണമെന്നതാണ് വാസ്തവം.

ENGLISH SUMMARY:

Despite being in Kochi, Congress MP Shashi Tharoor was excluded from major events organized by the Ernakulam DCC, including protests against the central and state governments and the Professional Congress campaign. The decision stems from the party leadership’s displeasure over Tharoor’s recent praise of Prime Minister Modi.