കേരളത്തിലെ ഓരോ കോൺഗ്രസ് പ്രവർത്തകൻ്റെയും വികാരമായ ഇന്ദിരാഭവൻ ഒരു കാലത്ത് 'പുരുഷോത്തമം' എന്ന് പേരുള്ള മനോരഹമായ വീടായിരുന്നു. പുരുഷോത്തമം , ഇന്ദിരാഭവൻ ആയ ചരിത്രത്തിൻ്റെ ക്രെഡിറ്റ് ഒരാൾക്ക് അവകാശപ്പെട്ടതാണ് - അന്തരിച്ച സി.വി. പത്മരാജന്. ആ ചരിത്രം ഇങ്ങനെ.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക്
1970 കളിൽ കെപിസിസി ആസ്ഥാനം എറണാകുളത്തായിരുന്നു. അങ്ങനെയാണ് എറണാകുളം നഗരത്തിൽ കെപിസിസി ജംഗ്ഷൻ പോലും ഉണ്ടായത്. 1978ലെ പിളർപ്പിനെ തുടർന്ന് ലീഡർ കെ കരുണാകരൻ ഇന്ദിരാ കോൺഗ്രസിൻ്റെ ആസ്ഥനം തിരുവനന്തപുരത്തേക്ക് പറിച്ചുനട്ടു. കെ ആർ ചുമ്മാറിന്റെ ശാന്തിനഗറിലെ വസതിയിൽ ആയിരുന്നു അന്ന് കോൺഗ്രസ് ഐയുടെ താൽക്കാലിക ആസ്ഥാനം ആദ്യം പ്രവർത്തിച്ചിരുന്നത്. താമസിയാതെ പാളയത്തെ ഒരു വാടക കെട്ടിടത്തിലേക്ക് ആസ്ഥാനം മാറ്റി. ആ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് എ കെ ആന്റണിയുടെ നേതൃത്വത്തിൽ പാർട്ടി വിട്ടുപോയവർ മടങ്ങിവന്നതും കെ കരുണാകരന്റെ നേതൃത്വത്തിൽ കാസ്റ്റിംഗ് മന്ത്രിസഭയും, പിന്നാലെ 1982 ഒരു സുസ്ഥിര സർക്കാരും അധികാരത്തിൽ വന്നത്.
മന്ത്രിമാരുടെ പ്രിയപ്പെട്ട 'പുരുഷോത്തമം'
ക്ലിഫ് ഹൗസ്, കണ്ടോൺമെൻറ് ഹൗസ്, മൻമോഹൻ ബംഗ്ലാവ്, സാനഡു , റോസ് ഹൗസ് തുടങ്ങി കുറച്ചു മന്ത്രിമന്ദിരങ്ങളെ തലസ്ഥാനത്ത് അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള മന്ത്രിമാർക്ക് താമസിക്കാൻ അത്യാവശ്യം കൊള്ളാവുന്ന വീടുകൾ വാടകയ്ക്ക് എടുക്കുകയായിരുന്നു പതിവ്. അങ്ങനെയൊരു വീടായിരുന്നു വെള്ളയമ്പലത്തെ 'പുരുഷോത്തമം'. പോൾ പി മാണി, കെ. നാരായണക്കുറുപ്പ് തുടങ്ങിയവരൊക്കെ മന്ത്രിമാരായിരുന്നപ്പോൾ താമസിച്ചിരുന്നത് ഈ വീട്ടിലായിരുന്നു.
കെ കരുണാകരൻ മുഖ്യമന്ത്രിയായും സി വി പത്മരാജൻ കെപിസിസി അധ്യക്ഷനുമായിരിക്കെ 1985 ൽ പാർട്ടിക്കൊരു സ്ഥിര ആസ്ഥാനം വേണമെന്ന് ആശയം ഉയർന്നു. അങ്ങനെ കേരളം മുഴുവൻ സഞ്ചരിച്ച് ഓരോ ബൂത്തിൽ നിന്നും കിട്ടാവുന്നതൊക്കെ സ്വരുക്കൂട്ടി സി വി പത്മരാജൻ പാർട്ടിയുടെ പണസഞ്ചി നിറച്ചു. അങ്ങനെ 1986ൽ പുരുഷോത്തം പണം കൊടുത്തു എഴുതിവാങ്ങി. പുരുത്തോഷമം 'ഇന്ദിരാഭവൻ' ആയി. കെ മുരളീധരൻ അധ്യക്ഷനായിരുന്ന കാലത്ത് പുതിയ കെട്ടിടം നിർമ്മിച്ചെങ്കിലും പഴയ കെട്ടിടം നിലനിർത്തി.
പാർട്ടി പ്രവർത്തകർക്ക് ഇന്ദിരാഭവൻ കെപിസസിയുടെ ആസ്ഥാനം മാത്രമല്ല, വികാരം കൂടിയാണ്. കൊല്ലത്തുകാർ പത്മരാജൻ വക്കീൽ എന്നും പത്മരാജൻ സാർ എന്നും വിളിക്കുന്ന സി.വി. പത്മരാജനെ ഓർക്കാൻ ഇന്ദിരാഭവൻ അപ്പുറം മറ്റ് ഒന്നും വേണ്ട.