യൂത്ത് കോൺഗ്രസിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. താൻ പറഞ്ഞത് പാർട്ടിയുടെ നല്ലതിന് വേണ്ടിയാണെന്നും, പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും കുര്യൻ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സമരങ്ങളിൽ ആളുണ്ടായിരുന്നില്ലെന്നും, ഇങ്ങനെ പോയാൽ പോരെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം ആവർത്തിച്ചു. എസ്.എഫ്.ഐ. മാർച്ചിനെ ചൂണ്ടിക്കാട്ടിയത് ഒരു ഉദാഹരണമായി മാത്രമാണെന്നും, ആരെയും വ്യക്തിപരമായി വിമർശിച്ചിട്ടില്ലെന്നും കുര്യൻ കൂട്ടിച്ചേർത്തു. "ഇതിലും വലുത് എഴുപതുകളിൽ ഞാൻ ചെയ്തിട്ടുണ്ട്. ഗ്രൗണ്ടിൽ പ്രവർത്തിക്കണം; സോഷ്യൽ മീഡിയ മാത്രം പോരാ. പാർട്ടി യോഗങ്ങളിൽ അഭിപ്രായം പറയേണ്ടത് എന്റെ കടമയാണ്," കുര്യൻ പറഞ്ഞു.
ചെന്നിത്തലയുടെ പിന്തുണ
പി.ജെ. കുര്യന്റെ വിമർശനങ്ങളെ പിന്തുണച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കുര്യൻ പറഞ്ഞത് സദുദ്ദേശ്യത്തോടെയാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ആളില്ലാത്ത മണ്ഡലങ്ങളിൽ യൂത്ത് കോൺഗ്രസ് ആളെക്കൂട്ടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
യൂത്ത് കോൺഗ്രസിന്റെ എതിർപ്പ്
അതേസമയം, പി.ജെ. കുര്യന്റെ വിമർശനങ്ങളെ തള്ളി യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തനം സ്തുത്യർഹമാണെന്ന് ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് നേതാവ് വിജയ് ഇന്ദുചൂഡൻ കുര്യനെതിരെ രൂക്ഷമായി പ്രതികരിച്ചു. "വേണ്ടത് ക്ഷുഭിത യൗവനത്തെയല്ല വിവേകമുള്ള യൗവനത്തെയാണ്" എന്ന് വിജയ് ഇന്ദുചൂഡൻ പറഞ്ഞു.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെ വേദിയിലിരുത്തി യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്.എഫ്.ഐയെ പുകഴ്ത്തിയും പി.ജെ. കുര്യൻ സംസാരിച്ചിരുന്നു. യൂത്ത് നേതാക്കളെ ടി.വി.യിൽ കാണാമെന്നും പ്രവർത്തകരെ കൂട്ടാൻ ആളില്ലെന്നും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കുര്യൻ പരിഹസിച്ചിരുന്നു. ഇതിന് രാഹുൽ മാങ്കൂട്ടത്തിൽ വേദിയിൽ വെച്ച് തന്നെ മറുപടി നൽകുകയും, വിമർശനങ്ങളെ ശിരസാ വഹിക്കുന്നുവെന്നും തെരുവിലെ സമരങ്ങളിൽ യൂത്ത് കോൺഗ്രസ് സജീവമാണെന്നും വ്യക്തമാക്കിയിരുന്നു.