• 'മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്'
  • 'ചര്‍ച്ചയ്ക്ക് സമസ്ത തയാര്‍'
  • ധിക്കാരം പറഞ്ഞിട്ടില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

സ്കൂള്‍ സമയ മാറ്റത്തിനെതിരായ സമസ്തയുടെ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമാണെന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ വാക്കുകളോട് പ്രതികരിച്ച് ജിഫ്രി തങ്ങള്‍. മതപഠനത്തിന് സമയം കണ്ടെത്തുന്നതില്‍ മാന്യമായ തീരുമാനം വേണമെന്നും മന്ത്രി വാശി പിടിക്കേണ്ടതില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഒരു ദിവസം 24 മണിക്കൂറല്ലേ ഉള്ളൂ. സ്കൂള്‍ സമയ മാറ്റത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. അത് മാന്യമാകണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ജിഫ്രി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സ്കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധിച്ച് സമസ്ത ഇ.കെ വിഭാഗം നേരത്തെ സമരപ്രഖ്യാപനം നടത്തിയിരുന്നു. മദ്രസ വിദ്യാഭ്യാസത്തെ താളം തെറ്റിക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന ആവശ്യമാണ് സമസ്ത കേരള മദ്രസ മാനെജ്മെന്‍റ് ഉന്നയിച്ചത്. സ്കൂള്‍ സമയം പരിഷ്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ പതിനൊന്നായിരം മദ്രസകളുടെ പ്രവര്‍ത്തനത്തെയും 12 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ മതപഠനത്തെയും ബാധിക്കുമെന്നും സമസ്ത അഭിപ്രായപ്പെട്ടിരുന്നു. 

സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതിയാണ് സമസ്തയുടേതെന്നും കോടതി പറ‍ഞ്ഞിട്ടാണ് സമയമാറ്റമെന്നുമായിരുന്നു മന്ത്രി ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചത്. എതിര്‍പ്പുള്ളവര്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാവുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

അതേസമയം  താന്‍ ധിക്കാരം പറഞ്ഞിട്ടില്ലെന്നും കോടതി നിലപാടാണ് വ്യക്തമാക്കിയതെന്നും മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചു. ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ ഈ നിലപാട് സ്വാഗതാര്‍ഹമാണെന്നും ചര്‍ച്ചയ്ക്ക് തങ്ങള്‍ സന്നദ്ധരാണെന്നും സമസ്തയും പ്രതികരിച്ചു. 

ENGLISH SUMMARY:

Jifri Thangal reacted to Minister V. Sivankutty's "undemocratic" remark on Samastha's protest against school timing changes. Thangal stressed the need for a respectful solution for religious education, noting he has submitted a petition to the Chief Minister on the matter, which impacts over 1.2 million Madrasa students.