ഇന്ന് സംസ്ഥാനവ്യാപകമായി നടന്ന എസ്.എഫ്.ഐയുടെ സമരത്തില്‍ സ്കൂളിലെ പാചകം തടഞ്ഞെന്ന് പരാതി. കണ്ണൂര്‍ മണത്തറ സ്കൂള്‍ അധികൃതരാണ് പരാതിയുമായി രംഗത്തുവന്നത്. പാചക തൊഴിലാളിക്ക് നേരെ അസഭ്യം പറഞ്ഞെന്നും കൈ പിടിച്ച് തിരിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ ഇന്ന് പഠിപ്പ് മുടക്കിയത്. എസ്.എഫ്.ഐയുടെ സമരത്തിന് ഡിവൈഎഫ്‌ഐയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഗവർണർക്കും വൈസ് ചാൻസിലർക്കുമെതിരെ പ്രതിഷേധമിരമ്പി ഇന്നും കേരള സർവകലാശാല ആസ്ഥാനം. വൈസ് ചാൻസലർ ഗോ ബാക്ക് മുദ്രാവാക്യം വിളിയുമായി പൊലീസ് വലയം ഭേദിച്ച് സർവകലാശാല ഓഫിസിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച എഐഎസ്എഫ് പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.