ലീഗ് ഭരിക്കുന്ന പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയുടെ ആയുര്‍വേദ ഡിസ്‌പെന്‍സറി ഉദ്ഘാടനത്തിനു സി.പി.എം നേതാവ് പി.കെ.ശശിയെ മുഖ്യാതിഥിയാക്കിയതില്‍ സി.പി.എമ്മില്‍ അമര്‍ഷം. മുന്‍കൂട്ടി അറിയിക്കാതെ ശശിയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയ സി.പി.എം അംഗങ്ങള്‍ പരിപാടി ബഹിഷ്‌കരിക്കാനും തീരുമാനിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനത്തിനെത്തുന്ന ചടങ്ങിലേക്കാണ് ശശിക്കു ക്ഷണം.
മണ്ണാര്‍ക്കാട്ടില്‍ ശശിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും തമ്മിലുള്ള ശീതയുദ്ധം തുടങ്ങിയിട്ട് നാളുകുറേയായി. ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്ത അന്ന് അല്‍പം തണുത്തെങ്കിലും പാര്‍ട്ടി പദവിയിലേക്ക് തിരിച്ചെടുത്തതോടെ രംഗം പിന്നെയും വഷളായി. അതിനിടെയാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെ യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ നീക്കം. നഗരസഭയുടെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ ഉദ്‌ഘാടനത്തിനു പി കെ ശശിയെ മുഖ്യാതിഥിയാക്കി. നാളെയാണ് ചടങ്ങ്. ജനപ്രതിനിധിയില്ലാതിരുന്നിട്ടും ശശിയെ പരിപാടിയിലേക്ക് ക്ഷണിച്ചതിനു പിന്നില്‍ രാഷ്‌ട്രീയമാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ശശിയുടെ കാര്യം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയാണ് തീരുമാനിച്ചതെന്നാരോപിച്ചു സിപിഎമ്മും ഇടതുകൗണ്‍സിലറുമാരും പരിപാടി ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ്.
എന്നാല്‍ പിന്നില്‍ രാഷ്‌ട്രീയമില്ലെന്നും കെടിഡിസി ചെയര്‍മാനെന്ന നിലക്കാണ് പികെ ശശിയെ ക്ഷണിച്ചതെന്നുമായിരുന്നു നഗരസഭ ഭരണപക്ഷത്തിന്‍റെ വിശദീകരണം. സിപിഎം ഭരിക്കുന്ന വാര്‍ഡിലാണ് ഡിസ്‌പെന്‍സറിയുള്ളത്. വിഷയം പാര്‍ട്ടിക്കുള്ളിലും പുറത്തും സജീവചര്‍ച്ചയാകുന്നുണ്ട്. പികെ കുഞ്ഞാലിക്കുട്ടിക്കു പുറമേ വികെ ശ്രീകണ്‌ഠനും എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയും പരിപാടിക്കെത്തുന്നുണ്ട്.