TOPICS COVERED

ബി.ജെ.പി സംസ്ഥാന സമിതി പുനഃസംഘടന ഇന്നോ നാളെയോ ഉണ്ടായേക്കും. ഗ്രൂപ്പ് സന്തുലനത്തിനല്ല പ്രവർത്തന മികവിനാകും മുൻഗണനയെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. കൃഷ്ണദാസ് വിഭാഗത്തിന് മുന്‍തൂക്കമുള്ള ഭാരവാഹിപ്പട്ടികയാകുമെന്നാണ് സൂചനകള്‍. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ദേശീയ സെക്രട്ടേറിയാകുമെന്നും ഒഴിവുവരുന്ന മുറയ്ക്ക് രാജ്യസഭയിലേക്കും പരിഗണിക്കുമെന്നും സൂചനയുണ്ട്.

കേന്ദ്രമന്ത്രി അമിഷായുടെ സന്ദര്‍ശനത്തിന് മുമ്പ് ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.വെള്ളിയാഴ്ച കേരളത്തിലെത്തുന്ന അമിത് ഷാ ശനിയാഴ്ച ബി.ജെ.പി സംസ്ഥാന ഓഫിസ് ഉത്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ നിയമിതനായി മൂന്നുമാസമായെങ്കിലും മറ്റ് സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല.   നാലുജനറല്‍ സെക്രട്ടറിമാരില്‍ എം.ടി.രമേശ് , എസ്. സുരേഷ് , ശോഭാസുരേന്ദ്രന്‍ എന്നിവര്‍ ഉണ്ടാകുമെന്നാണ്  സൂചനകള്‍.  ഷോണ്‍ ജോര്‍ജ്, അനൂപ് ആന്റണി,  എന്നിവരും പരിഗണനയിലുണ്ട്.  എസ്. സുധീര്‍ , സി. കൃഷ്ണകുമാര്‍ എന്നിവരെ വൈസ് പ്രസിഡന്റാക്കിയേക്കും. പത്തുവീതം വൈസ് പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉണ്ടാകും.ഇതില്‍ എട്ടുപേര്‍ വനിതകളായിരിക്കും. വി.വി. രാജേഷ് ഉള്‍പ്പടെയുള്ള മുന്‍ ജില്ലാ അധ്യക്ഷന്മാര്‍ ഈ പദവികളില്‍ പരിഗണനയിലാണ് . മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരുടെ ചുമതലകള്‍ സംബന്ധിച്ചും കേന്ദ്രനേതൃത്വം വൈകാതെ തീരുമാനമെടുക്കും. സുരേന്ദ്രനെ മഹാരാഷ്ട, മധ്യപ്രദേശ് , തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുമെന്നും സൂചനയുണ്ട്.

ENGLISH SUMMARY:

The BJP is likely to restructure its Kerala state committee within a day or two. Party sources indicate that the focus will be on performance rather than group equations. The new leadership list is expected to favor the Krishnadas faction. Former state president K. Surendran is likely to be appointed as national secretary and could be considered for a Rajya Sabha seat when available.