അടുത്തയുടെയുണ്ടായ പല വിഷയങ്ങളിലും താൽക്കാലിക രാഷ്ട്രീയത്തിനപ്പുറമായി പക്വമായ നിലപാടുകൾ എടുക്കുന്ന പ്രതിപക്ഷനേതാവ് വിഡി സതീശൻ തീർച്ചയായും കേരള രാഷ്ട്രീയത്തിൽ വ്യത്യസ്തനാവുകയാണെന്ന് മുരളി തുമ്മാരുകുടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ചാരക്കേസില്‍ പിടിയിലായ ജ്യോതി മല്‍ഹോത്രയുടെ പേരില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ കുറ്റപ്പെടുത്താനില്ലെന്ന സതീശന്‍റെ നിലപാടിനെ മുന്‍നിര്‍ത്തിയാണ് മുരളി തുമ്മാരുകുടിയുടെ പ്രശംസ. ജ്യോതി മല്‍ഹോത്ര ചാര പ്രവര്‍ത്തക ആണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ടൂറിസം മന്ത്രി അവരെ കേരളത്തിലേക്ക് വിളിക്കില്ലായിരുന്നുവെന്നായിരുന്നു സതീശന്‍റെ പ്രതികരണം. 

'പലരും നമ്മുടെ കൂടെ നിന്ന് ഫോട്ടോ എടുക്കില്ലേ.. അവര്‍ നാളെ ഒരു കേസില്‍ പ്രതിയായാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും. ഉത്തരവാദപ്പെട്ട പ്രതിപക്ഷമാണ് ഞങ്ങള്‍. ഈ അവസ്ഥയില്‍ സിപിഎമ്മായിരുന്നുവെങ്കില്‍ അവരിത് ഉപയോഗിച്ചേനെ. ഞാന്‍ ആവശ്യമില്ലാതെ ആരുടെയും മെക്കിട്ട് കേറില്ല. നിര്‍ദോഷമായാണ് ഇക്കാര്യത്തില്‍ മന്ത്രിയും ടൂറിസം വകുപ്പും പെരുമാറിയത്. അതിനൊക്കെ ശേഷമാണ്  വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേസില്‍ പ്രതിയാകുന്നത്'. – സതീശന്‍ വ്യക്തമാക്കി. 

ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശത്തിലാണെന്നും, അവര്‍ പാകിസ്താനുവേണ്ടി ചാരപ്രവര്‍ത്തി നടത്തിയിരുന്ന വ്യക്തിയാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം സര്‍ക്കാര്‍ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോ എന്നും അപവാദപ്രചാരണങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

VD Satheesan: Mature Leadership Driving Congress in Kerala; Muralee Thummarukudy