കേരള സർവകലാശാല രജിസ്ട്രാർ അനിൽകുമാർ ഓഫീസിലെത്തി ചുമതലയേറ്റു. സിൻഡിക്കറ്റിന്റെ നിർദേശപ്രകാരമാണ് അനിൽകുമാർ വീണ്ടും ചുമതലയേറ്റെടുത്തത്. ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് വി.സി. മോഹൻ കുന്നുമ്മേൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, സിൻഡിക്കേറ്റ് ഈ നടപടി റദ്ദാക്കിയതായി ഇടത് അംഗങ്ങൾ അറിയിച്ചതിന് പിന്നാലെയാണ് അനിൽകുമാറിന്റെ തിരിച്ചുവരവ്.
അതേസമയം വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല റജിസ്ട്രാർ ഡോ. കെ.എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി പിൻവലിക്കും. സസ്പെൻഷൻ നടപടി സിൻഡിക്കേറ്റ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. നാളെ ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ ഇക്കാര്യം കോടതിയെ അറിയിക്കും. സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാല വിസിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
നടപടിയെടുക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കറ്റിനാണ് അധികാരമെന്നും റജിസ്ട്രാർ വാദിച്ചിരുന്നു. എന്നാൽ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. ഗവർണർ പങ്കെടുക്കുന്ന പരിപാടി കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയായിരുന്നില്ലെന്ന് കോടതി റജിസ്ട്രാറെ വിമർശിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ നാളെ വി.സി വിശദീകരണം നൽകാനിരിക്കെയാണ് ഹർജി പിൻവലിക്കാനുള്ള തീരുമാനം.
ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് ഗവർണറുടെ പരിപാടിക്ക് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വൈസ് ചാൻസലർ മോഹൻ കുന്നുമ്മേൽ (തുടർന്ന് താൽക്കാലിക വി.സി. സിസാ തോമസ്) രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ അനിൽകുമാർ ഹൈക്കോടതിയെ സമീപിക്കുകയും, കോടതി സർവകലാശാലയോട് സത്യവാങ്മൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സത്യവാങ്മൂലം തയ്യാറാക്കുന്നതിനായി അവധി ദിനമായിട്ടും ഇടത് അംഗങ്ങളുടെ ആവശ്യപ്രകാരം താൽക്കാലിക വി.സി. സിസാ തോമസിന്റെ അധ്യക്ഷതയിൽ പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേർന്നു. സസ്പെൻഷൻ നിയമവിരുദ്ധമാണെന്ന് കോടതിയെ അറിയിക്കണമെന്നും, അതിനു മുന്നോടിയായി സസ്പെൻഷൻ റദ്ദാക്കുന്നതായി പ്രമേയം പാസാക്കണമെന്നും ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടു.
വി.സി.യുടെ എതിർപ്പ്
24 അംഗങ്ങളിൽ 16 പേരുടെ ഭൂരിപക്ഷം ഉപയോഗിച്ച് സസ്പെൻഷൻ റദ്ദാക്കുന്നതായി ഇടത് അംഗങ്ങൾ പ്രഖ്യാപിച്ചു. എന്നാൽ, ഇതിനോട് യോജിക്കാതിരുന്ന വി.സി. സിസാ തോമസ്, യോഗം പിരിച്ചുവിട്ട് ഇറങ്ങിപ്പോകുകയും സസ്പെൻഷൻ തുടരുമെന്ന് അറിയിക്കുകയും ചെയ്തു.
വി.സിക്ക് പിന്നാലെ കോൺഗ്രസ്, ബി.ജെ.പി. അംഗങ്ങളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. അതിനുശേഷം മറ്റൊരു മുതിർന്ന അംഗത്തെ അധ്യക്ഷയാക്കി ഇടത് അംഗങ്ങൾ മാത്രം സിൻഡിക്കറ്റ് യോഗം തുടർന്ന് സസ്പെൻഷൻ റദ്ദാക്കിയതായി പ്രമേയം പാസാക്കി.
സസ്പെൻഷൻ റദ്ദാക്കിയെന്ന സിൻഡിക്കറ്റിന്റെ തീരുമാനം നാളെ സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കും. അതേസമയം, സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നും ഗവർണറുടെ പിന്തുണയുള്ള വി.സി. സ്വന്തം അഭിഭാഷകനെ ഉപയോഗിച്ച് കോടതിയെ അറിയിക്കും. ഇതോടെ രജിസ്ട്രാറുടെ സസ്പെൻഷൻ കൂടുതൽ നിയമപോരാട്ടങ്ങളിലേക്ക് നീങ്ങുകയും, ഭാരതാംബ വിവാദത്തിലെ ഗവർണർ-സർക്കാർ പോര് കൂടുതൽ രൂക്ഷമാവുകയും ചെയ്യും.