സി.പി.എം വയനാട് ജില്ലാ കമ്മിറ്റിയിലെ വിഭാഗീയത മറനീക്കി പുറത്ത്. കർഷകസംഘം ജില്ലാ പ്രസിഡന്‍റ് എ.വി.ജയനെ പുൽപ്പള്ളി ഏരിയ കമ്മിറ്റിയിൽനിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടിയാണ് പരസ്യ പ്രതിഷേധത്തിൽ കലാശിച്ചത്. ജീവകാരുണ്യ ഫണ്ട് വകമാറ്റിയതിൽ എ.വി.ജയന് പിഴവ് സംഭവിച്ചെന്ന് ജില്ലാ നേതൃത്വം വിശദീകരിച്ചു.
പാർട്ടി ഓഫീസ് നിർമാണത്തിന് വേണ്ടി പാലിയേറ്റിവ് കെയർ ഫണ്ട് വകമാറ്റിയെന്ന പരാതിയിലാണ് എ.വി. ജയന് എതിരായ നടപടി. പുൽപ്പള്ളി ഏരിയ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. എന്നാൽ നടപടി റിപ്പോർട്ട് ചെയ്യാൻ വിളിച്ച ഏരിയ കമ്മിറ്റിയിൽ നിന്ന് എ.വി. ജയൻ ഉൾപ്പെടെ നാല് പേർ ഇറങ്ങിപ്പോയി. ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി പ്രസാദ്, എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ബിന്ദു ബാബു എന്നിവരാണ് പരസ്യ പ്രതിഷേധം ഉയർത്തിയത്. തന്നെ സാമ്പത്തിക കുറ്റവാളിയായി ചിത്രീകരിച്ചത് വിഭാഗീയതയുടെ ഭാഗമാണെന്ന് ജയൻ തുറന്നടിച്ചു.
ജില്ലാ സെക്രട്ടറി കെ.റഫീഖും സി.കെ. ശശീന്ദ്രനും പങ്കെടുത്ത രണ്ട് ലോക്കൽ കമ്മിറ്റി യോഗങ്ങളും ചേരാൻ കഴിഞ്ഞില്ല. പൂതാടി, കേണിച്ചിറ ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് വിട്ടുനിന്നത്. പൂതാടി പഞ്ചായത്ത് മുൻ പ്രസിഡൻറും മൂന്നര പതിറ്റാണ്ടായി പാർട്ടിയുടെ സംഘാടനാ രംഗത്തുള്ള നേതാവുമാണ് എ.വി.ജയൻ. പി.ഗഗാറിന് ഒപ്പമുള്ള നേതാക്കളെ മാറ്റി നിർത്താനുള്ള ഔദ്യോഗിക പക്ഷത്തിന്‍റെ ശ്രമമാണ് വിഭാഗീയത മറനീക്കാൻ കാരണമായത്.