കേരള സര്‍വകലാശാലയിലെ ഭാരതാംബ വിവാദത്തില്‍ രജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാറിനെതിരെ നടപടി. റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു.  അനുമതി നിഷേധിച്ചതില്‍ വീഴ്ചയെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. റജിസ്ട്രാര്‍ ഗവര്‍ണറോട് അനുചിതമായി പെരുമാറിയെന്നും ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയെന്നുമാണ് കുറ്റം.  അതേസമയം, നിയമപരമായാണ് കാര്യങ്ങള്‍ ചെയ്തതെന്നും  നിയമപരമായി കാണാമെന്നും കെ.എസ്.അനില്‍കുമാര്‍ പ്രതികരിച്ചു. 

സെനറ്റ് ഹാളിലെ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണറോടു കേരള സർവകലാശാലാ റജിസ്ട്രാർ അനാദരം കാട്ടിയതായും ബാഹ്യസമ്മർദങ്ങൾക്കു വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവർത്തിച്ചതായും രാജ്ഭവന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റിപ്പോർട്ട് നൽകിയിരുന്നു. റജിസ്ട്രാറുടെ നടപടികളെക്കുറിച്ചു വിശദമായ അന്വേഷണത്തിനും വി.സി ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. 

അന്ന് സംഭവിച്ചത്

സ്റ്റേജിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. സർവകലാശാല റജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാർ നേരിട്ടെത്തി ഭാരതാംബയുടെ ചിത്രം മാറ്റണമെന്നു സംഘാടകരോട് ആവശ്യപ്പെട്ടു. മതപരവും ആചാരപരവുമായ ചിഹ്നങ്ങളോ പ്രഭാഷണമോ അനുവദിക്കില്ലെന്ന നിലപാട് റജിസ്ട്രാർ മുന്നോട്ടുവച്ചു. ഇത് സെനറ്റ് ഹാൾ ബുക്ക് ചെയ്യുമ്പോഴുള്ള നിബന്ധനയിലുണ്ടെന്നും റജിസ്ട്രാർ പറഞ്ഞു. എന്നാൽ, ഭാരതാംബ രാഷ്ട്രത്തിന്റെ ചിഹ്നമാണെന്നും മതപരമല്ലെന്നും  സംഘാടകർ നിലപാടെടുത്തു. ചിത്രം മാറ്റിയില്ലെങ്കിൽ പരിപാടിക്കുള്ള അനുമതി റദ്ദാക്കുമെന്ന് റജിസ്ട്രാർ അറിയിച്ചു. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലാ ഗേറ്റിനു മുന്നിൽ പ്രതിഷേധവുമായെത്തി. മുതിർന്ന ആർഎസ്എസ് നേതാക്കളും സ്ഥലത്തെത്തി. ആർഎസ്എസ് പ്രവർത്തകരും സർവകലാശാലയ്ക്കു മുന്നിലെത്തി. പിന്നാലെ പൊലീസും. ഇതിനിടെ പ്രതിഷേധിക്കാൻ ചിലർ ഹാളിനുള്ളിൽ കയറിയെന്നു സംഘാടകർക്കു വിവരം ലഭിച്ചു. ആർഎസ്എസ് പ്രവർത്തകർ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭാരതാംബ ചിത്രമിരിക്കുന്നതിനു സമീപം കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ കണ്ടത്. അവിടേക്കു ചെന്ന ആർഎസ്എസ് പ്രവർത്തകർ ഗോപുവിനെ  മർദിച്ചു. പൊലീസ് ഇടപെട്ടാണ് ഗോപുവിനെ രക്ഷിച്ചത്.

സെനറ്റ് ഹാളിലേക്കു തള്ളിക്കയറാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരും സംഘാടകരുമായി പുറത്തു സംഘർഷമുണ്ടായി. സർവകലാശാലയ്ക്ക് അകത്ത് പ്രധാന ഗേറ്റിനു മുന്നിലായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. ഗവർണർ പോകുന്നതുവരെ പ്രതിഷേധിക്കുമെന്ന് അറിയിച്ച പ്രവർത്തകർ ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാനർ ഉയർത്തി. ഭരണഘടനയുടെ കോപ്പിയുമായി റോഡിൽ പ്രതിഷേധം തുടർന്നു.

ഒരു മണിക്കൂറോളം പരിപാടിയിൽ പങ്കെടുത്ത ഗവർണർ പ്രധാന ഗേറ്റിനു സമീപത്തെ ഗേറ്റിലൂടെ പുറത്തേക്കു പോയി. എസ്എഫ്ഐ പ്രവർത്തകർ പ്രകടനമായി പാളയത്തേക്കു പോയി. ഇതോടെയാണ് സർവകലാശാലാ ആസ്ഥാനത്തെ സംഘർഷത്തിന് അയവുവന്നത്.

ENGLISH SUMMARY:

Bharatamba image controversy at Kerala University; Registrar suspended