ബിജെപി സംസ്ഥാന നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് വി.മുരളീധരപക്ഷം കോര്‍ കമ്മിറ്റിയില്‍. ഗ്രൂപ്പില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ പികെ കൃഷ്ണദാസ് വിഭാഗത്തിന്‍റെ നേതാവായി മാറിയെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍കമ്മിറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ലെന്നും മുരളീധരവിഭാഗം നേതാക്കള്‍ ആരോപിച്ചു.
തൃശൂരില്‍ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ മുന്‍സംസ്ഥാന അധ്യക്ഷന്മാരായ കെ.സുരേന്ദ്രനെയും മുന്‍കേന്ദന്ത്രി കൂടിയായ വി. മുരളീധരനെയും ക്ഷണിക്കാത്തതിനെത്തുടര്‍ന്നാണ് അതൃപ്തി മറനീക്കിയത്. ഇതേക്കുറിച്ച് പറയേണ്ടിടത്ത് പറഞ്ഞുവെന്നായിരുന്നു പ്രതികരണം. നേതൃയോഗത്തിൽ ചില മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരെ മാത്രം വിളിക്കുന്നതിന്‍റെ മാനദണ്ഡം എന്താണെന്ന് സി.കൃഷ്ണകുമാർ ചോദിച്ചു. .ഗ്രൂപ്പില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ പികെ കൃഷ്ണദാസ് വിഭാഗത്തിന്‍റെ നേതാവായി മാറി. ജില്ല പ്രസിഡന്‍റുമാരെ സംസ്ഥാന പ്രസിഡന്‍റ് പരിഗണിക്കുന്നില്ല. 14 ജില്ലാ ഇൻചാർജുമാരിൽ 12 പേരും ഈ വിഭാഗത്തില്‍നിന്നുള്ളവര്‍. പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ല. വികസനം മാത്രം പറഞ്ഞാൽ കേരളത്തിൽ വിലപോവില്ല. ഇങ്ങനെപോകുന്നു മുരളീധര പക്ഷനേതാക്കളുടെ വിമര്‍ശനങ്ങള്‍. മുരളീധരനും സുരേന്ദ്രനും വലിയ ജോലികൾ വേറെ ഉണ്ടെന്ന് രാജീവ് ചന്ദ്രശേഖർ.
എല്ലാ യോഗത്തിലും എല്ലാവരും പങ്കെടുക്കേണ്ട കാര്യമില്ല. രാജീവ് ചന്ദ്രശേഖര്‍ നേതൃസ്ഥാനത്തേയ്ക്ക് വന്നശേഷം ആദ്യമായാണ് മുരളീധര വിഭാഗം ഇത്ര കടുത്തഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്. അതുകൊണ്ടുതന്നെ കോര്‍കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ കെ. സുരേന്ദ്രനെത്തന്നെ നിയോഗിച്ചു. നിലമ്പൂരില്‍ മൂന്നാംശക്തിയാരെന്നതില്‍ ജനങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടായി. പുതിയ സംസ്ഥാന സമിതി ഭാരവാഹികളെ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് മുന്‍ ഔദ്യോഗിക പക്ഷത്തിന്‍റെ കരുനീക്കങ്ങള്‍.