കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വലിയ നേതാവല്ലെന്നും ബിജെപിയിലെ കോര്‍ കമ്മറ്റി അംഗങ്ങള്‍ സീറ്റുകള്‍ വീതംവയ്ക്കുകയാണെന്നും തുറന്നടിച്ച് ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു. കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനായി മല്‍സരിക്കാനുള്ള നീക്കത്തിലാണ് നോബിള്‍. കൊടുങ്ങല്ലൂരില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണനെ വെട്ടി ട്വന്‍റി ട്വന്‍റി ഉമ്മന്‍ ചാണ്ടിയുടെ മരുമകനെ സ്ഥാനാര്‍ഥിയാക്കി.  ബിജെപിയുടെ രണ്ടാംഘട്ട പട്ടിക ഇന്ന് പുറത്തിറക്കും.

കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന്‍ സ്ഥാനാര്‍ഥിയായതോടെ ആ സീറ്റില്‍ കണ്ണുവച്ചിരുന്ന നോബിള്‍ മാത്യു പരസ്യകലാപത്തിലാണ്. നോബിളിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ജോര്‍ജ് കുര്യന്‍ പാര്‍ട്ടിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് മറ്റൊരും വളര്‍ന്നുവരുന്നത് ഇഷ്ടമില്ലാത്ത ആളാണെന്നും നോബിള്‍ ആരോപിച്ചു. സീറ്റുകള്‍ ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങള്‍ വീതംവയ്ക്കുന്നു. ആകെ ഗ്രൂപ്പിസമാണ്. പണം സമ്പാദിക്കാന്‍ കൂടിയാണ് സ്ഥാനാര്‍ഥികളാകുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നു.  

മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരനും എം.ടി.രമേശും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാത്തത് ബിജെപിയിലെ ഒരുവിഭാഗത്തിന്‍റെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. അതിനിടെ, സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും പാര്‍ലമെന്‍ററി ബോര്‍ഡും വൈകീട്ട് ചേരും. കൊടുങ്ങല്ലൂരില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ പ്രചാരണത്തിന് ഒരുങ്ങിയിരുന്നെങ്കിലും സീറ്റ് ട്വന്‍റി ട്വന്‍റിക്ക് നല്‍കി. ബിഡിജെഎസും കൊടുങ്ങല്ലൂര്‍ സീറ്റില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഗോപാലകൃഷ്ണന്‍ മല്‍സരിക്കുന്നത് അനിശ്ചിതത്വത്തിലാണ്. ട്വന്‍റി ട്വന്‍റിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് വര്‍ഗീസ് ജോര്‍ജ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ചാലക്കുടിയില്‍ ചാര്‍ളി പോളിനെയും പിറവത്തിന് ജിബി അബ്രാഹമിനെയും റാന്നിയില്‍ തോമസ് കെ.സാമുവലിനെയും ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. 

ENGLISH SUMMARY:

Malayala Manorama Online News reports on internal BJP politics in Kerala, focusing on the controversy surrounding George Kurien's candidacy and Noble Mathew's allegations. The BJP's second phase candidate list is also being released, with significant shifts in nominations causing discontent among party members.