ravada-chandrasekhar-kuthuparamba

കേരള ചരിത്രത്തിലെയും സിപിഎമ്മിന്‍റെ ചരിത്രത്തിലെയും മറക്കാനാവാത്ത സംഭവമാണ് 1994 നവംബര്‍ 25ലെ കൂത്തുപറമ്പ് വെടിവയ്പ്. സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. വഴി തടഞ്ഞ ഡിവൈഎഫ്ഐക്കാരെ പിരിച്ചുവിടുന്നതിന് വെടിവയ്ക്കാന്‍ അന്ന് കണ്ണൂര്‍ എസ്.പിയായിരുന്ന റവാഡ എ.ചന്ദ്രശേഖര്‍ ഐപിഎസ് ഉത്തരവിട്ടു. ഹൈദരാബാദില്‍ നിന്ന് സ്ഥലംമാറ്റം കിട്ടി കേരളത്തിലെത്തിയതിന്‍റെ പിറ്റേന്നാണ് ഇത്.

പൊലീസ് വെടിവയ്പില്‍ അഞ്ചു ഡിവൈഎഫ്ഐക്കാര്‍ കൊല്ലപ്പെട്ടു. പുഷ്പനുള്‍പ്പടെ ആറു പേര്‍ക്ക് പരുക്കേറ്റു. പിന്‍കഴുത്തില്‍ വെടിയേറ്റ് സുഷുമ്ന നാഡി തകര്‍ന്ന് കഴുത്തിന് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട പുഷ്പന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അന്തരിച്ചു. കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും ഓദ്യോഗിക കൃത്യനിര്‍വഹണത്തിലായിരുന്ന പൊലീസുകാര്‍ക്ക് കൊല നടത്താനുള്ള വ്യക്‌തിവൈരാഗ്യമില്ലായിരുന്നുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി 2012 ല്‍ റവാഡയുള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. പ്രതികള്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന പരാതിക്ക് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

പിന്നീട് ഐബിയിലെത്തിയതോടെ റവാഡയുടെ കരിയറില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. മുംബൈയില്‍ അഡിഷനല്‍ ഡയറക്ടറായി തുടങ്ങിയ റവാഡ പ്രവര്‍ത്തന മികവും കാര്യക്ഷമതയും കൊണ്ട് സ്പെഷല്‍ ഡയറക്ടറായി ഉയര്‍ന്നു. 1991 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഓഫിസറായ റവാഡ ചന്ദ്രശേഖര്‍ അടുത്തിടെ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറിയായും നിയമിക്കപ്പെട്ടിരുന്നു.

സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കാലാവധി പൂര്‍ത്തിയാക്കിയതോടെ പുതിയ ഡിജിപിയായി റവാഡ എ. ചന്ദ്രശേഖറെ സര്‍ക്കാര്‍ നിയമിച്ചേക്കുമെന്നാണ് സൂചന. ഇതോടെയാണ് കൂത്തുപറമ്പ് വെടിവയ്പ് വീണ്ടും ചര്‍ച്ചയാകുന്നത്. സഖാക്കളുടെ രക്തത്തിന് കണക്കുപറ‍ഞ്ഞ് സിപിഎം റവാഡയുടെ നിയമനത്തെ എതിര്‍ക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. നിലവില്‍ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷൽ ഡയറക്ടറായ അദ്ദേഹത്തോട് നാളെ കേരളത്തിലെത്താൻ അനൗദ്യോഗിക നിർദേശം നൽകിയതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ റവാഡ ചന്ദ്രശേഖർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിജിപി ഷെയ്ഖ്  ദര്‍വേഷ് സാഹിബിന്‍റെ പിന്തുണയുണ്ട് എന്നതും റവാഡയുടെ സാധ്യതയേറ്റുന്നു.

ENGLISH SUMMARY:

Speculation rises whether the CPM will resist the DGP appointment of Rawada Chandrashekar, the IPS officer associated with the 1994 Koothuparamba firing. His past role in the historic incident could lead to significant political opposition from the ruling party.