മുതലപ്പൊഴി അഴിമുഖത്ത് തലകീഴായി വള്ളം മറിഞ്ഞ് അപകടം. വളളത്തിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി. മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങിയ കാരിയര്‍ വള്ളമാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്. വെട്ടുതുറ സ്വദേശി നിതിന്‍റെ ഉടമസ്ഥതയിലുള്ള നിത്യസഹായമാത എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
അതിനിടെ, കരമനയാറ്റിൽ തടിവള്ളത്തിൽ തുഴഞ്ഞ് ചൂണ്ടയിടുന്നതിനിടെ ഒഴുക്കിൽപ്പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. പേയാട്, നരുവാമൂട് സ്വദേശികളായ ശിവകുമാർ, അരുൺ, മണി എന്നിവരെയാണ് അഗ്നിരക്ഷ സേനയിലെ സ്കൂബാ സംഘം രക്ഷപ്പെടുത്തിയത്. പേയാട് കാവടിക്കടവിലെ ചുഴിയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽപ്പെട്ട മൂന്നുപേര്‍ക്കും സാരമായ പരുക്കില്ല.
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളിലെല്ലാം യെലോ അലര്‍ടും നിലവിലുണ്ട്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.6 അടിയായി ഉയര്‍ന്നു. ഇതോടെ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നേക്കും. തൃശൂര്‍ പീച്ചി ഡാമിന്‍റെ നാലു ഷട്ടറുകള്‍ രാവിലെ പതിനൊന്ന് മണിയോടെ തുറക്കും. നാലു ഷട്ടറുകളും നാലിഞ്ച് വീതം തുറക്കും. മണലി, കരുവന്നൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണിത്.