പി.വി. അന്‍വറിനെച്ചൊല്ലി മുസ് ലിം ലീഗ് നേതൃത്വം രണ്ടുതട്ടില്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ ഘടകമായെന്ന ഇ.ടി. മുഹമ്മദ് ബഷീറിന്‍റെയും എം.കെ. മുനീറിന്‍റെയും നിലപാട് തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പി.വി. അന്‍വര്‍ ഒരു ഫാക്ടറേ ആയിട്ടില്ലെന്ന് പിഎംഎ സലാം മനോരമ ന്യൂസിനോട് പറഞ്ഞു. മുസ് ലിം ലീഗ് സംസ്ഥാന നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും.
അന്‍വര്‍ ഒരു ഫാക്ടറാണെന്ന ബോധ്യം ഉപതിരഞ്ഞെടുപ്പിലൂടെ വന്നുവെന്നാണ് ഇടി മുഹമ്മദ് ബഷീര്‍ തുറന്നടിച്ചത്. ഉന്നതാധികാര സമിതി അംഗം എംകെ മുനീറും ഇതിന് പിന്തുണയുമായി എത്തി. ഒരു സ്വതന്ത്രന്‍ 19000 വോട്ടുകള്‍ തനിച്ച് നേടുക എന്ന് പറയുന്നത് നിസാരമല്ലെന്ന് എം.കെ. മുനീര്‍ പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യത്യസ്ഥമായ നിലപാട് സ്വീകരിച്ചത്.
മലപ്പുറം ലീഗ് ഹൗസില്‍ ഇന്ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ അന്‍വര്‍ ഫാക്ടര്‍ ചര്‍ച്ചയാകും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് അന്‍വറിനെ യുഡിഎഫിലെത്തിച്ചാല്‍ പല പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ഭരണത്തിലേറാമെന്നാണ് ലീഗിലെ ഒരുവിഭാഗത്തിന്‍റെ വാദം. എന്നാല്‍ അന്‍വര്‍ ഒരു വയ്യാവേലി ആകുമോ എന്ന് നോക്കിയ ശേഷം മതി തീരുമാനമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമാകും ലീഗ് ഔദ്യോഗിക നിലപാടെടുക്കുക.