തനിക്കെതിരായ ഇഡി അന്വേഷണം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് പി.വി അന്‍വര്‍. വിജിലന്‍സ് എഫ്ഐആര്‍ പ്രകാരമാണ് തനിക്കെതിരെ ഇഡി കേസ് അന്വേഷിക്കുന്നത്. ഇഡി അന്വേഷണത്തിനായി തനിക്കെതിരെ വിജിലന്‍സ് കള്ളക്കേസെടുത്തു. പിണറായിക്കതെിരെ നിലപാടെടുത്തതുകൊണ്ടാണിതെന്നും പി.വി.അന്‍വര്‍ ഫെയ്സ്ബുക്ക് ലൈവില്‍ ആരോപിച്ചു. കേരളത്തിലെ നീതിന്യായ വ്യവസ്ഥയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നെന്നും കോടതിയില്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തെ അവസാനിപ്പിക്കാന്‍ യുഡിഎഫിനൊപ്പം നിന്ന് പോരാടുമെന്നും ചോദ്യംചെയ്യലിന് ശേഷം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

ഇഡിയുടെ ചോദ്യം ചെയ്യലില്‍ താന്‍ തന്‍റെ ഭാഗം കൃത്യമായി വിശദീകരിച്ചുവെന്നും അക്കാര്യങ്ങള്‍ ഇഡി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ആവശ്യം  വന്നപ്പോള്‍ വായ്പയെടുത്ത ആളാണ് താനെന്നും ഒന്‍പത് കോടി രൂപ വായ്പയെടുത്തതില്‍ അഞ്ചുകോടി 79 ലക്ഷം രൂപ തിരിച്ചടച്ചുവെന്നും അന്‍വര്‍ പറയുന്നു. കുറച്ച് കാലത്തെ തിരിച്ചടവ് മുടങ്ങിയതോടെ തട്ടിപ്പിന് വേണ്ടി വായ്പയെടുത്തു എന്ന് കാണിച്ച് വിജിലന്‍സ് തനിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് അന്‍വര്‍ ആരോപിക്കുന്നു. പിണറായി സര്‍ക്കാരിനെതിരെയും മരുമോനിസത്തിനെതിരെയും നിലപാടെടുത്തതോടെയാണ് തന്‍റെ പേരില്‍ നിരവധി കേസുകള്‍ റജിസ്റ്റര്‍ ചെയ്തതെന്നും അന്‍വര്‍ അവകാശപ്പെട്ടു. ദുര്‍ഘട ഘട്ടത്തില്‍ തനിക്കൊപ്പം നിന്ന് പ്രാര്‍ഥിച്ച കേരളത്തിലെ സാധാരണക്കാരായ മനുഷ്യരോട് എന്നും കടപ്പെട്ടിരിക്കുമെന്നും അന്‍വര്‍ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.

കെഎഫ്സി വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മുന്‍ എംഎല്‍എയായ അന്‍വറിനെ ഇഡി ഇന്നലെ ചോദ്യം ചെയ്തത്. എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വിട്ടയയ്ക്കുകയും ചെയ്തു. 2015 ല്‍ കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പ തരപ്പെടുത്തുകയും ഇത് വകമാറ്റി ചെലവഴിക്കുകയും ചെയ്തുവെന്നാണ് ഇഡി കണ്ടെത്തിയത്. 12 കോടി രൂപയാണ് അന്‍വറിന്‍റെ ബെനാമി സ്ഥാപനങ്ങള്‍ക്ക് കെഎഫ്സിയില്‍ നിന്ന് അനുവദിച്ചത്. ഈ തുക പിവിആര്‍ ടൗണ്‍ഷിപ് പദ്ധതിക്കായാണ് അന്‍വര്‍ ഉപയോഗിച്ചതെന്നും ഇഡി കണ്ടെത്തി. ഇതോടെ അന്‍വറിന്‍റെ ബെനാമികളെ കണ്ടെത്തി ഇവരെ നേരത്തെ ചോദ്യം ചെയ്തു. ഇതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ അന്‍വറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഡിസംബര്‍ 31ന് അന്‍വറിനോട് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തീയതി നീട്ടിച്ചോദിച്ചു. തുടര്‍ന്ന് ജനുവരിയില്‍ സമയം അനുവദിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യല്‍. അന്‍വര്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ കെഎഫ്സിയുടെ 22 കോടിയിലേറെ രൂപ നിഷ്ക്രിയ ആസ്തിയായി മാറഇയിരുന്നു. ഒരേ വസ്തു തന്നെ ഈടായി നല്‍കി അന്‍വര്‍ ഒന്നിലധികം വായ്പകള്‍ തരപ്പെടുത്തിയെന്നും ഇഡി കണ്ടെത്തിയിരുന്നു. അതേസമയം, വായ്പ തിരിച്ചടവ് വരുത്തിയ അന്‍വറിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇഡി വിശദമായി അന്വേഷിച്ചപ്പോള്‍ 2016 ല്‍ 14.38 കോടി രൂപയായിരുന്ന ആസ്തി മൂല്യം 2021 ല്‍ 64 കോടി കടന്നു. ഇതും അന്വേഷണത്തില്‍ നിര്‍ണായകമായി. 

ENGLISH SUMMARY:

Former MLA PV Anwar accused CM Pinarayi Vijayan of orchestrating the ED investigation against him. Anwar was questioned for 8 hours over an alleged ₹12 crore KFC loan fraud and benami transactions. He vowed to continue his fight alongside UDF.