TOPICS COVERED

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്ന ഇയർബാക്ക് സമ്പ്രദായം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിന് കത്ത് നൽകി 

സർവ്വകലാശാല പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്ന ഇയർ ബാക്ക് സമ്പ്രദായം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നുള്ളതിനാൽ സിൻഡിക്കേറ്റ് തീരുമാനം  പ്രാവർത്തികമാക്കാതിരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്.

 2022 - 2026 അക്കാദമിക് വർഷത്തിലെ വിദ്യാർത്ഥികൾ നിലവിൽ ഏഴാം സെമസ്റ്റർ വിദ്യാർത്ഥികളാണ്. ഇവർ 2019 സ്കീം പ്രകാരമാണ് പഠനം നടത്തുന്നത്. പ്രസ്തുത വിദ്യാർത്ഥികൾക്ക് കോഴ്സ് കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം മാത്രമാണ് ബാക്കി. മൂന്നുവർഷം കോഴ്സ് പൂർത്തിയാക്കി നാലാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇയർ ബാക്ക് സമ്പ്രദായം പ്രാവർത്തികമാക്കിയാൽ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് അലോഷ്യസ് സേവ്യർ നൽകിയ  കത്തിൽ പറയുന്നു

അതേസമയം 2019 സ്കീം അവസാന വർഷ വിദ്യാർഥികൾക്ക്  (2023-2027 അക്കാദമിക്ക് വർഷത്തിലെ വിദ്യാർത്ഥികൾ ) രണ്ട് സെമസ്റ്ററിൽനിന്ന് 21 ക്രെഡിറ്റ് ലഭ്യമായില്ലെങ്കിൽ ഇയർ ബാക്ക് നേരിടേണ്ടതായി വരും. ഇതുമൂലം വരാനിരിക്കുന്ന 2024 സ്കീമിലെ വിദ്യാർത്ഥികൾക്കൊപ്പം പഠനം നടത്തേണ്ട സാഹചര്യം ഉണ്ടാകും. അധിക പഠന ഭാരം വിദ്യാർത്ഥികൾക്ക്സമ്മാനിക്കുന്നതിനോടൊപ്പം കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതാകും സർവകലാശാലയുടെ തീരുമാനം.

വ്യക്തമായ മുന്നറിയിപ്പില്ലാതെയാണ് ഇയർ ബാക്ക് സിസ്റ്റം പ്രാവർത്തികമാക്കാൻ തയാറാവുന്നത് എന്നുള്ളതാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാടുന്ന പ്രധാന പ്രശ്നം. സപ്ലിമെന്ററി എക്സാമിന് ശേഷമാണ് ഇയർ ബാക്ക് സമ്പ്രദായത്തെ പറ്റി കോളേജുകൾ നിന്ന് വിവരം ലഭിക്കുന്നത് എന്ന ആക്ഷേപവും ശക്തമാണ്.

അന്യസംസ്ഥാന വിദ്യാഭ്യാസ ലോബിയെ സഹായിക്കുന്നതിനു വേണ്ടിയാണോ സർവകലാശാലയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ എന്നതിൽ സംശയമുണ്ട്

 “പണ പിരിവിന്” ഒരു സർവകലാശാല  എന്ന തലത്തിലേക്ക് എപിജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല മാറുന്നത് അപലപനീയമാണ്. തീരുമാനം പുനഃപരിശോധിക്കാൻ തയാറായില്ലങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

ENGLISH SUMMARY:

KSU has urged Kerala's Higher Education Minister to withdraw the proposed year-back system at APJ Abdul Kalam Technological University, warning of severe mental stress and academic setbacks for students. The sudden move without clear communication is pushing students into distress, the student body claims.