ഉപതിരഞ്ഞെടുപ്പിൽ ആർഎസ്എസ് സ്ഥാനാർഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാർ ആഘോഷിച്ചു തകർക്കുകയാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.സ്വരാജ്. ഇക്കാര്യത്തിൽ സംഘപരിവാറിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയുമുണ്ടെന്നും സ്വരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
‘യുഡിഎഫിന്റെ വിജയം തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്‌ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം, ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്‌ലാമിക സംഘപരിവാറും കൈകോർത്തു നിന്ന് അക്രമിക്കുന്നുവെങ്കിൽ, സകല നിറത്തിലുമുള്ള വർഗീയ ഭീകരവാദികൾ ഒരുമിച്ച് അക്രമിക്കുന്നുവെങ്കിൽ അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല’ സ്വരാജ് കുറിച്ചു
സ്വരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
‘പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ. തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിനുശേഷം ശ്രദ്ധയിൽപ്പെട്ട പ്രതികരണങ്ങളിൽ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്. എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാരമാണ്. വർഗീയവിഷ വിതരണക്കാരി മുതൽ ആർഎസ്എസിന്റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്. ആർഎസ്എസിന്റെ സ്വന്തം സ്ഥാനാർഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ് ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയുമുണ്ട്. സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് എൽഡിഎഫ് പരാജയം അവരും ആഘോഷിക്കുന്നു.ജമാഅത്തെ ഇസ്‌ലാമിയുമായുള്ള കൂട്ടുകെട്ട്, എൽഡിഎഫിന്റെ പരാജയം അല്ലെങ്കിൽ യുഡിഎഫ് വിജയം തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്‌ലാമിക സംഘപരിവാരവും ഒരുമിച്ചു തെളിയിക്കുന്നു. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്‌ലാമിക സംഘപരിവാരവും കൈകോർത്തു നിന്ന് അക്രമിക്കുന്നുവെങ്കിൽ സകല നിറത്തിലുമുള്ള വർഗീയ ഭീകരവാദികൾ ഒരുമിച്ച് ആക്രമിക്കുന്നുവെങ്കിൽ അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല.’