സാമ്രാജ്യത്വ യുദ്ധവെറി ഇറാനെ ലക്ഷ്യമിടുമ്പോൾ ഒരിക്കൽക്കൂടി ലോകം അശാന്തമാവുകയാണെന്ന് സിപിഎം നേതാവ് എം സ്വരാജ്. അമേരിക്കൻ - ഇസ്രായേൽ ആക്രമണത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ പുറത്തുവരുന്ന വാർത്ത പെൺകുട്ടികളുടെ സ്കൂൾ ആക്രമിക്കപ്പെട്ടതിന്റെയും നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന്റെയുമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതുക എന്ന് എഴുതിക്കൊണ്ടാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്.
'ആകാശം പോർവിമാനങ്ങൾ കൊണ്ട് നിറയുന്നു, ഭൂമി മൃതശരീരങ്ങൾ കൊണ്ടും. എല്ലാ യുദ്ധങ്ങളും ആദ്യം കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്സഹായരായ മനുഷ്യരെയും കൊന്നൊടുക്കുന്നു. എല്ലാ യുദ്ധങ്ങളിലും മനുഷ്യർ പരാജയപ്പെടുന്നു. മനുഷ്യത്വവും. ലോകത്തിലാദ്യമായി ആണവായുധം പ്രയോഗിച്ചവർ ഇപ്പോഴും ആണവായുധശേഖരം കൈവശമുള്ളവർ, ഇറാൻ ആണവായുധം നിർമ്മിച്ചേക്കുമെന്ന കാരണം പറഞ്ഞുകൊണ്ട് നടത്തുന്ന ആക്രമണം ക്രൂരമായ ഫലിതമാണ്.
അമേരിക്കയും, ഇസ്രായേൽ ഉൾപ്പെടെയുള്ള കൂട്ടാളികളും ഇറാന്റെ മാത്രമല്ല ലോകത്തിൻ്റെയാകെ ശത്രുക്കളായി മാറിയിരിക്കുന്നു. മനുഷ്യവംശത്തിന്റെ ശത്രുക്കൾ. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് ലോകമെങ്ങുമുള്ള മനുഷ്യരുടെ കടമയാണ്.
കൊല്ലപ്പെടുന്ന മനുഷ്യരൊക്കെയും നമ്മുടെ സഹോദരങ്ങളാണ്. യുദ്ധഭീകരതയ്ക്കെതിരെ ഓരോ തെരുവിലും സമാധാനത്തിന്റെ പതാകകൾ ഉയരണം. മാനവികതയുടെ മുദ്രാവാക്യങ്ങൾ ലോകത്തിനു വഴികാട്ടുമ്പോൾ കുഞ്ഞുങ്ങളുടെ ചോരപുരണ്ട സാമ്രാജ്യത്വം ലജ്ജിക്കട്ടെ. സാമ്രാജ്യത്വം തുലയട്ടെ.'– അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം യുദ്ധം മുറുകവേ, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയെ വധിച്ചത് ഹീനമായ പ്രവര്‍ത്തിയാണെന്നും, റഷ്യ ഇറാനൊപ്പമാണെന്നും വ്യക്തമാക്കി പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ രംഗത്തെത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേലും അമേരിക്കയും നടത്തിയത്. ഖമനേയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഗാധമായ അനുശോചനം അറിയിക്കുന്നു. ധാർമ്മികതയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയത്. സൗഹൃദപരമായ റഷ്യൻ-ഇറാനിയൻ ബന്ധങ്ങളുടെ വികാസത്തിന് വ്യക്തിപരമായി വളരെയധികം സംഭാവന നൽകിയ ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു ഖമനേയി. – വ്ളാദിമിർ പുടിൻ കൂട്ടിച്ചേർത്തു.
ആയത്തൊള്ള ഖമനയിയുടെ മരണത്തിന് പിന്നാല താത്കാലിക കൗൺസിൽ ഭരണം ഏറ്റെടുത്തു. 'ചരിത്രത്തിലെ ഏറ്റവും പൈശാചികനായ മനുഷ്യരില്‍ ഒരാള്‍, മരിച്ചു' എന്നാണ് നേരത്തേ ട്രംപ് പ്രതികരിച്ചത്. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് ലഭിച്ച നീതിയാണെന്നും ഇറാന് മാത്രമല്ല ഖമനയിയുടെയും ഇറാന്‍റെയും രക്തദാഹത്തിനിടെ ജീവന്‍ നഷ്ടമായ അമേരിക്കക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കുമുള്ള നീതി നടപ്പാക്കലാണെന്നും ട്രംപ് വ്യക്തമാക്കി. ഖമനയി ജീവനോടെ ഇല്ലെന്ന് ബെന്യമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു. റവലൂഷനറി ഗാര്‍ഡ് കമാന്‍ഡ് ഉന്നതരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.