വെനസ്വേലയുടെ പ്രസിഡൻ്റ് നിക്കോളാസ് മഡ്യൂറോയെയും ഭാര്യയെയും പിടികൂടി അമേരിക്ക ബന്ദികളാക്കിയെങ്കില്‍, അത് വെനസ്വേലയുടെ അളവറ്റ എണ്ണ സമ്പത്ത് കൊള്ളയടിക്കാനാണെന്ന് എം സ്വരാജ്. അമേരിക്കയെന്ന ആഗോള കൊള്ളക്കാരൻ എന്ന തലക്കെട്ടില്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് സ്വരാജ് അഭിപ്രായം പങ്കുവെച്ചത്.
എണ്ണ സമ്പത്ത് കൊള്ളയടിക്കാനായി ഒരു കഴുകനെപ്പോലെ വെനസ്വേലക്കുമേൽ അമേരിക്ക വട്ടമിട്ടു പറക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.
നീചമായ അമേരിക്കൻ കുത്തിത്തിരിപ്പുകളെ ധീരമായി അതിജീവിച്ചാണ് ഹ്യൂഗോ ഷാവേസും മഡ്യൂറോയും ഇതുവരെ വെനസ്വേലയെ കാത്തുപോന്നത്. കോടിക്കണക്കിന് ഡോളർ വാരിയെറിഞ്ഞ് ഒറ്റുകാരെ വിലക്കെടുക്കാനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും കിണഞ്ഞു പരിശ്രമിച്ച അമേരിക്ക പലവട്ടം ഇളിഭ്യരായതാണ്.
ഇപ്പോഴിതാ നേരിട്ട് ഭീകരാക്രമണം നടത്തിയിരിക്കുന്നു. മഡ്യൂറോയെ പിടികൂടിയതായി അമേരിക്ക അവകാശപ്പെടുന്നു. കാരക്കാസിലെ അമേരിക്കൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളു. ആയുധബലം കൊണ്ട് തങ്ങൾക്കിഷ്ടമുള്ളതെല്ലാം പിടിച്ചെടുക്കുന്ന ആഗോള കൊള്ളക്കാരനായി അമേരിക്ക മാറിയിരിക്കുന്നു.
സ്വന്തം ഭരണാധികാരി കൊള്ളക്കാരനാണെന്നതിൽ അമേരിക്കൻ ജനത ലജ്ജിക്കുന്നുണ്ടാവും. സൈമൺ ബൊളിവറിൻ്റെയും ഹ്യൂഗോ ഷാവേസിൻ്റെയും വീരപൈതൃകമുയർത്തി ഈ നിമിഷം വരെയും കൊള്ളക്കാർക്കെതിരെ പൊരുതിനിന്ന മഡ്യൂറോയ്ക്ക് അഭിവാദനങ്ങൾ.
ഇപ്പോഴും പൊരുതുന്ന വെനസ്വേലയിലെ ജനങ്ങൾക്ക് അഭിവാദനങ്ങൾ. ചരിത്രം സൃഷ്ടിക്കുന്നത് പിടിച്ചടക്കിയ കൊള്ളക്കാരല്ല പൊരുതിനിന്ന യോദ്ധാക്കളാണ്. സ്വതന്ത്ര രാഷ്ട്രമായ വെനസ്വേലയെ എണ്ണസമ്പത്ത് കൊള്ളയടിക്കാനായി ആക്രമിക്കുകയും പ്രസിഡൻ്റിനെ ബന്ദിയാക്കുകയും ചെയ്ത അമേരിക്കൻ ഭീകരതയ്ക്കെതിരെ, ഭൂമിയോളം വലിയ ഈ അനീതിക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയരണമെന്നും സ്വരാജ് ആവശ്യപ്പെടുന്നു.