നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ മുഖ്യമന്ത്രിക്ക് മൗനം. ഫലം വന്ന് 24 മണിക്കൂറാകാറായിട്ടും ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ഫലം ഭരണവിരുദ്ധ വികാരത്തിന്‍റെ തുടക്കമാണെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കകത്തുണ്ട്. ഫലം ഉയര്‍ത്തി ഭരണമാറ്റമെന്ന പ്രതീതി സൃഷിക്കാനുള്ള പ്രചാരണം യു.ഡി.എഫ് അഴിച്ചുവിടും.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്. അറിയാന്‍ കാത്തിരിക്കേണ്ടി വരും. ഇന്നലെ ഫലം വന്ന ശേഷം മാധ്യമങ്ങളോടോ സമൂഹ മാധ്യമങ്ങള്‍ വഴിയോ മുഖ്യമന്ത്രി അതേ കുറിച്ച് ക മ എന്ന് മിണ്ടിയിട്ടില്ല. ഇത്രയും സമയം കഴിഞ്ഞ സ്ഥിതിക്ക് സോഷ്യല്‍ മീഡിയ പ്രതികരണത്തിന് ഇനി സാധ്യതയില്ല. അങ്ങനെയെങ്കില്‍ അടുത്തയൊരു വാര്‍ത്ത സമ്മേളനം വരെ കാത്തിരിക്കേണ്ടി വരും. നിലമ്പൂരില്‍ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചോയെന്ന ചര്‍ച്ച പാര്‍ട്ടികത്തും ഉയരുന്നതായാണ് വിവരം. യു.ഡി.എഫിന്‍റെ 11077 വോട്ടിന്‍റെ ഭൂരിപക്ഷത്തിനൊപ്പം അന്‍വര്‍ പിടിച്ച ഇരുപതിനായിരത്തോളം വോട്ട് അതാണ് സൂചിപ്പിക്കുന്നത്.
ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വെള്ളിയാഴ്ച നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിച്ച തെറ്റ് തിരുത്തല്‍ നടപടികള്‍ എത്രത്തോളം ഫലവത്തായി എന്ന പരിശോധനയുമുണ്ടാകും. അതേസമയം നിലമ്പൂരിലെ മിന്നും വിജയം ഭരണ മാറ്റത്തിനുള്ള സൂചനയായാണ് യു.ഡി.എഫ് കാണുന്നത്. സംസ്ഥാനത്ത് കനത്ത ഭരണ വിരുദ്ധ വികാരമുണ്ടെന്നും യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നു. ഇത് പരമാവധി പ്രചരിപ്പിക്കാനാണ് തീരുമാനം. ഒപ്പം , കരുത്ത് തെളിയിച്ച സാഹചര്യത്തില്‍ പി.വി അന്‍വറുമായി സഹകരിക്കുന്നതില്‍ യു.ഡി.എഫില്‍ വീണ്ടും ചര്‍ച്ചകള്‍ ഉയരും. രമേശ് ചെന്നിത്തലയുടെയും സണ്ണി ജോസഫിന്‍റെയും പ്രസ്താവനകള്‍ അതാണ് തെളിയിക്കുന്നത്.