നിലമ്പൂരില്‍ ഇടതുമുന്നണിക്ക് വന്‍ വിജയം ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. യു.ഡി.എഫിലെ വര്‍ഗീയ കൂട്ടുകെട്ടുകള്‍ തുറന്നു കാട്ടാനായി. ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ യു.ഡി.എഫിലെ ഭിന്നതകള്‍ പൊട്ടിത്തെറിയായി മാറുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല എന്നാണ് എൽഡിഎഫിന്‍റെയും വിലയിരുത്തൽ. എം വി ഗോവിന്ദന്റെ ആർഎസ്എസ് പ്രസ്താവന തിരിച്ചടിയാകില്ലെന്നും എം സ്വരാജ് വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ആരെ തുണയ്ക്കുമെന്ന ചർച്ചകൾ മുറുകുകയാണ്. പ്രതീക്ഷിച്ചതിനപ്പുറമുള്ള ചരിത്രവിജയം നേടുമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോൾ മോശമല്ലാത്ത ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രതീക്ഷ. പത്തു വോട്ട് കൂടുതൽ വീണാൽ അതിൽ നാലും തനിക്കുള്ളതാകും എന്ന ആത്മവിശ്വാസത്തിലാണ് പി.വി. അൻവർ.
75.27 ശതമാനം പോളിങാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. കാലാവസ്ഥ പ്രതികൂലം ആയിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ നേരിയ കുറവ് മാത്രമാണ് ഉണ്ടായത്. ഇത് ആരും പ്രതീക്ഷിച്ചതല്ല. ഉയർന്ന പോളിങ് ഉണ്ടായത് ചരിത്ര വിജയത്തിലേക്ക് നയിക്കും എന്ന പ്രതീക്ഷയാണ് യുഡിഎഫിന്. ബൂത്തുകളിൽ നിന്നുള്ള കണക്ക് വന്നപ്പോൾ ഏഴു പഞ്ചായത്തുകളിലും ഒരു നഗരസഭയിലും മുന്നേറ്റം ഉണ്ടാക്കാൻ ആയെന്നും യുഡിഎഫ് വിലയിരുത്തുന്നു. മികച്ച ഭൂരിപക്ഷം ഉണ്ടാകും എന്നാണ് മുസ്‌ലിംലീഗിന്‍റെയും കണക്കുകൂട്ടല്‍.ലീഗിന്റെ വോട്ട് അൻവറിനു പോകില്ലെന്ന് പി കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.