കത്തിപ്പടര്‍ന്ന് വീണ്ടും ഭാരതാംബ വിവാദം. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതില്‍ പ്രതിഷേധിച്ച് രാജ്ഭവനിലെ പരിപാടിയില്‍നിന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങിപ്പോയി. സ്കൗട്സ് ആന്‍ഡ് ഗൈഡ് പരിപാടിയില്‍ ആശംസ അറിയിച്ചശേഷമായിരുന്നു ഇറങ്ങിപ്പോക്ക്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് അഹങ്കാരവും ധിക്കാരവുമെന്ന് മന്ത്രി ശിവന്‍കുട്ടി. കുട്ടികളുടെ മുന്നില്‍ ഗവര്‍ണര്‍ വര്‍ഗീയത വളര്‍ത്തുന്നു. മാന്യത കൊണ്ടാണ് കുട്ടികളെ വിളിച്ചിറക്കാത്തത്. രാജ്ഭവനെ പ്രതിഷേധം അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രി വി.ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. രാജ്ഭവനിലെ പരിപാടിക്ക് മന്ത്രി താമസിച്ചാണെത്തിയത് പ്രോട്ടോക്കോള്‍ ലംഘനമാണ്. ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഗവർണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും പറഞ്ഞു. മാന്യതയും പ്രോട്ടോക്കോളും ലംഘിച്ചത് ഗവര്‍ണറാണെന്ന് ശിവന്‍കുട്ടി തിരിച്ചടിച്ചു.
ആശയപ്രചാരണത്തിന് രാജ്ഭവനെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഗവര്‍ണര്‍ തിരുത്തണമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. രാജ്ഭവനിലെ ചടങ്ങുകള്‍ ഭരണഘടനാനുസൃതമാകണം. പൊതുപരിപാടികള്‍ ആര്‍.എസ്.എസ് പ്രചാരണ വേദിയാക്കരുതെന്നും പി. രാജീവ് പറഞ്ഞു.
ഭാരതാംബ വിവാദത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അതുകൊണ്ടാണ് വിവാദം ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.