സിപിഎം–ആര്‍എസ്എസ് ബന്ധം പണ്ടേയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അടിയന്തരാവസ്ഥക്കാലത്ത് മാത്രമല്ല, 89ലും കൂട്ടുകൂടി. കോണ്‍ഗ്രസ് വിരോധത്തിന്‍റെ പേരില്‍ ഇപ്പോഴും ബന്ധം തുടരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എം.വി. ഗോവിന്ദൻ ഇന്നലെ പഴയ ബന്ധം ഓർമ്മിച്ചതെന്തിന്? ഗോവിന്ദൻ ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ടു കൊണ്ടാണ്. ഇടതു ഭാഗത്ത് പി.ഡി.പി, വലതുഭാഗത്ത് ആ സ്വാമിയും. നിലമ്പൂരിലെ ജനത ആര്യാടൻ ഷൗക്കത്തിനെ ജയിപ്പിക്കുമെന്നും വി.ഡി മാധ്യമങ്ങളോടു പറഞ്ഞു.
Also Read: ആര്‍.എസ്.എസുമായി സഹകരിച്ചെന്ന് പറഞ്ഞിട്ടില്ല; പ്രസ്താവന വളച്ചൊടിച്ചു: എം.വി. ഗോവിന്ദന്‍
ആര്‍.എസ്.എസുമായി ഇടതുപക്ഷം ധാരണയുണ്ടാക്കിയത് ചരിത്രരേഖയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ആര്‍.എസ്.എസും ഇടതുപക്ഷവുമായി എപ്പോഴും യോജിക്കാവുന്ന അവസ്ഥ നിലനില്‍ക്കുന്നു. ഇടതുപക്ഷത്തിനെതിരായി എതിര്‍പ്പുണ്ടെന്നും വലിയ ആത്മവിശ്വാസമുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് മനോരമ ന്യൂസിനോട് പ്രതികരിച്ചു.
എല്ലാ തരം കൂട്ടുകെട്ടും തരാതരം പോലെ ഉണ്ടാക്കിയത് സിപിഎമ്മാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യാഥാർഥ്യം എന്താണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു . സ്വരാജ് ഉളള കാര്യങ്ങൾ ലഘൂകരിച്ചിട്ട് കാര്യമല്ല . നിലമ്പൂർ ഏതായാലും അവർക്ക് കൈവിട്ട് പോയി. അടുത്ത തിരഞ്ഞെടുപ്പിൽ പ്രയോജനമുണ്ടാകുമോ നോക്കാൻ വേണ്ടിയാകും ഗോവിന്ദൻ അങ്ങനെ പറഞ്ഞത് .
യുഡിഎഫ് അത്തരം ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ല. ജമാഅത്ത് ഇസ്ലാമി ബന്ധം ആരോപണം മഴയത്ത് നനഞ്ഞ പടക്കം പോലെയായെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
അതേസമയം, ആര്‍.എസ്.എസുമായി സഹകരിച്ചെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്നു പറഞ്ഞത്. അടിയന്തരാവസ്ഥക്കാലത്തെ കാര്യമാണ് പറഞ്ഞത് . ഇന്ദിരാഗാന്ധിക്കെതിരെ മറ്റു പാര്‍ട്ടികളെല്ലാം ഒന്നിച്ചു. വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാപാര്‍ട്ടിയുണ്ടാക്കി. ജനസംഘവും അന്ന് ജനതാപാര്‍ട്ടിയുടെ ഭാഗമായി. ആര്‍എസ്എസ്സുമായി ഒരു കൂട്ടുകെട്ടും സിപിഎമ്മിനില്ല. വിമോചനസമരത്തില്‍ ആര്‍എസ്എസുമായി കൂട്ടുകെട്ടുണ്ടാക്കിയത് കോണ്‍ഗ്രസാണ്. വടകരയിലും, ബേപ്പൂരും അവര്‍ തമ്മില്‍ സഖ്യമുണ്ടാക്കി. ആ സഖ്യത്തെ എല്‍ഡിഎഫ് തോല്‍പിച്ചെന്നും എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.