രാജ്ഭവനെ ആർ.എസ്.എസ് ശാഖയായി തരംതാഴ്ത്തരുതെന്ന് ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞത് സർക്കാരിന്‍റെ നിലപാടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോരുത്തരുടെയും താൽപര്യമനുസരിച്ച് ചിത്രങ്ങൾ വെക്കരുതെന്നും ആർ.എസ്.എസ് ചിഹ്നങ്ങൾ ആർ.എസ്.എസുകാർ കൊണ്ടുനടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം രാഷ്ട്രീയം തുറന്നുപറയുമെന്നും ആരോടും തലകുനിക്കാതെയാണ് അത് ചെയ്യുന്നതെന്നും മുഖ്യമന്ത്രി എം.വി. ഗോവിന്ദന്‍റെ ആർ.എസ്.എസ് പരാമർശത്തെക്കുറിച്ച് പ്രതികരിച്ചു. ആർ.എസ്.എസിനെ ഒരിക്കലും പ്രീണിപ്പിക്കാറില്ലെന്നും അവരോട് ഒരു ഘട്ടത്തിലും യോജിപ്പില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെയും മുഖ്യമന്ത്രി പരിഹസിച്ചു. "ചില ഫോട്ടോകൾ ചിലർ താണുവണങ്ങുന്നത് കണ്ടല്ലോ," എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. "ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നത് മുൻ കെ.പി.സി.സി പ്രസിഡന്‍റല്ലേ?" എന്നും മുഖ്യമന്ത്രി ചോദിച്ചു.
ആർ.എസ്.എസുമായി സി.പി.എമ്മിന് ഒരു ബന്ധവുമുണ്ടായിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയെ തിരുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശാല ഐക്യമുന്നണി കോൺഗ്രസിനെതിരെയായിരുന്നു. ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചെങ്കിലും സി.പി.എം ജനതാപാർട്ടിയിൽ ലയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.