vd-satheesabn-nilambur-pinarayi

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തിരുകേശ വിവാദം ഉയര്‍ത്തി യുഡിഎഫ്. വര്‍ഗീയതയാണ് സിപിഎം കാര്‍ഡ്. പിറവം ഉപതിരഞ്ഞെടുപ്പ് സമയത്താണ് പിണറായി വിജയന്‍ പ്രവാചകന്‍റെ തിരുകേശത്തെ അപമാനിച്ചത്. നിലമ്പൂരില്‍ അത് പറയില്ലെന്നും വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്നും സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനകീയ വിഷയങ്ങളാണ് പ്രചാരണത്തിലുടനീളം യുഡിഎഫ് ഉയര്‍ത്തിയത്. എന്നാല്‍ ഏറ്റവും മോശമായ പ്രചാരണരീതിയാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫും പയറ്റിയതെന്നും സതീശന്‍ വിമര്‍ശിച്ചു. 

എന്നാല്‍ വര്‍ഗീയതയെ പ്രകടമായി പ്രോല്‍സാഹിപ്പിക്കുന്നത് യുഡിഎഫാണെന്ന് എല്‍ഡിഎഫ് തിരിച്ചടിച്ചു. യുഡിഎഫിന്‍റെ ജമാ അത്തെ ഇസ്‌ലാമി ബന്ധം അത് വെളിവാക്കുന്നുണ്ട്. തിരുകേശ വിവാദം അനാവശ്യ ചര്‍ച്ചയെന്ന് തള്ളിയ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ യുഡിഎഫ് എന്ത് ഉയര്‍ത്തിയിട്ടും കാര്യമില്ലെന്നും പ്രതികരിച്ചു.  പ്രവാചകന്‍റെ മുടിയായാലും പല്ലായാലും നഖമായാലും ബോഡി വേസ്റ്റാണെന്നായിരുന്നു പിണറായിയുടെ പരാമര്‍ശം. ഈ നിലപാടില്‍ മാറ്റമില്ലെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും പിണറായി ആവര്‍ത്തിച്ചിരുന്നു. 

അതേസമയം, നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇന്ന് കലാശക്കൊട്ട്. ഉച്ചയ്ക്കുശേഷം നിലമ്പൂർ ടൗണിലും  എടക്കരയിലുമാണ് കലാശക്കൊട്ട് നടക്കുക.  എന്നാൽ കലാശക്കൊട്ടിൽ പങ്കെടുക്കുന്നില്ലെന്ന് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ അറിയിച്ചിട്ടുണ്ട്.  യുഡിഎഫിന് റെക്കോര്‍ഡ് ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. വി.വി. പ്രകാശിന്റെ വീട്ടിൽ പോയത് വിവാദമാക്കേണ്ടെന്നും നിലമ്പൂരില്‍ ആത്മവിശ്വാസമെന്നും  എം.സ്വരാജ് പറഞ്ഞു.  നിലമ്പൂരില്‍ എഴുപത്തി അയ്യായിരത്തിനുമുകളില്‍ വോട്ടുനേടി വിജയിക്കുമെന്നാണ് പി.വി.അന്‍വറിന്റെ അവകാശവാദം. 

ENGLISH SUMMARY:

The UDF is leveraging the 'Thirukesham' (Prophet's holy hair) controversy in the Nilambur by-election, with V.D. Satheesan asserting CM Pinarayi Vijayan wouldn't dare repeat his controversial remarks there. Satheesan criticized LDF's campaign, while LDF hit back, accusing UDF of communalism through its Jamaat-e-Islami ties and dismissing the 'Thirukesham' issue as irrelevant.