ക്ഷേമപെൻഷൻ വിതരണം ചെയ്യുമെന്ന സർക്കാർ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ തീയതി മുൻകൂട്ടി പ്രഖ്യാപിച്ചതെന്ന് സതീശൻ ആരോപിച്ചു. "തീയതി പറയേണ്ട കാര്യമുണ്ടോ, നൽകിയാൽ പോരെ?" എന്ന് അദ്ദേഹം ചോദിച്ചു. പാവങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും സതീശൻ മനോരമ ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും വി.ഡി. സതീശൻ വീണ്ടും ഉന്നയിച്ചു. മുഖ്യമന്ത്രിക്ക് 19ന് നിലമ്പൂര്‍ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസത്തെ ക്ഷേമ പെന്ഷന് വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിനായി പണം അനുവധിച്ചുവെന്ന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. നിലമ്പൂരിലെ വോട്ടെടുപ്പിന് മുമ്പ് ഈമാസത്തെ പെന്ഷന് നല്കാന് സര്‍ക്കാര്‍ ആലോചക്കുന്നതായി മനോരമന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വേണ്ടിവരും. അതിനാലാണ് വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം വോട്ടെടുപ്പിന് മുമ്പ് സര്‍ക്കാര്‍ നടത്തിയത്. രണ്ട് മാസത്തെ പെന്ഷന് കുടിശികയുണ്ട്.